മോസ്‌കോ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും യുകെയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും വിലക്ക് പ്രഖ്യാപിച്ച് റഷ്യ. യുകെ ഉപ പ്രധാനമന്ത്രി ഡൊമിനിക് റബ്, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ്, മുന്‍ പ്രധാനമന്ത്രി തെരേസ മേ, സ്‌കോട്ട്‌ലന്‍ഡ് പ്രഥമ മന്ത്രി നിക്കോള സ്റ്റര്‍ജന്‍ എന്നിവരെയാണ് റഷ്യ കരിമ്പട്ടികയില്‍ പെടുത്തിയത്.
യുദ്ധം തുടങ്ങിയതു മുതല്‍ ആസ്തി മരവിപ്പിക്കല്‍, യാത്രാ നിരോധനം, സാമ്പത്തിക ഉപരോധം എന്നിവയിലൂടെ റഷ്യയെ ശിക്ഷിക്കാനുള്ള അന്താരാഷ്ട്ര ശ്രമത്തിൻറെ കേന്ദ്രമായിരുന്നു ബ്രിട്ടന്‍.
ഉക്രൈയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലണ്ടന്‍ അഭൂതപൂര്‍വമായ ശത്രുത കാട്ടിയെന്നാരോപിച്ചാണ് റഷ്യയുടെ ബ്രിട്ടീഷ് വിരുദ്ധ നീക്കം. റഷ്യയില്‍ പ്രവേശിക്കുന്നതിന് ബ്രിട്ടന് ശനിയാഴ്ച മുതലാണ് വിലക്കേര്‍പ്പെടുത്തിയത്.
ആഗോളതലത്തില്‍ ഒറ്റപ്പെടുത്താനും ആഭ്യന്തര സമ്പദ്വ്യവസ്ഥയെ ഞെരുക്കാനുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള ലണ്ടൻറെ കുടില നീക്കങ്ങള്‍ക്കും വ്യാജ രാഷ്ട്രീയ പ്രചാരണത്തിനും മറുപടിയായാണ് ഈ നടപടിയെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഉക്രൈയ്നുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ മനപ്പൂര്‍വ്വം വഷളാക്കുകയായിരുന്നു ബ്രിട്ടന്‍. കീവ് ഭരണകൂടത്തിന് മാരകായുധങ്ങള്‍ നല്‍കി. കൂടാതെ നാറ്റോയ്ക്ക് വേണ്ടിയും സമാനമായ ശ്രമങ്ങള്‍ നടത്തിയെന്നും റഷ്യ ആരോപിച്ചു.