കൂടുതല്‍ ശക്തമായ ജനിതകമാറ്റം വന്ന കൊറോണ വൈറസ് പ്രത്യക്ഷപ്പെടുമെന്ന് ചൈന

Covid

ബീജിങ് : കൂടുതല്‍ ശക്തമായ ജനിതകമാറ്റം വന്ന കൊറോണ വൈറസ് പ്രത്യക്ഷപ്പെടുമെന്ന് ചൈനീസ് പകര്‍ച്ചവ്യാധി വിദഗ്ധയുടെ മുന്നറിയിപ്പ്. ‘ബാറ്റ് വുമണ്‍’ എന്നറിയപ്പെടുന്ന ചൈനയിലെ വുഹാന്‍ ലാബിന്റെ മേധാവിയായ ഷി സെന്‍ഗ്ലിയാണ് ലോകത്തിന് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജനിതകമാറ്റം വന്ന പുതിയ വൈറസുകള്‍ക്കൊപ്പം ജീവിക്കാന്‍ ലോകം പഠിക്കണമെന്നാണ് ചൈനീസ് മാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലിക്കു കീഴിലെ ഹെല്‍ത്ത് ടൈംസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഒരു ഗവേഷണ റിപ്പോര്‍ട്ടില്‍ പ്രത്യേക ഇനം വവ്വാല്‍ സാര്‍സുമായി ബന്ധമുള്ള കൊറോണ വൈറസിന്റെ പ്രകൃത്യായുള്ള സംരക്ഷണ കേന്ദ്രമാണെന്ന് പറഞ്ഞിരുന്നു. ഈ വവ്വാലുകളിലാണ് സാര്‍സ് കോവ് 2 ന് ഏറ്റവും അടുത്തു നില്‍ക്കുന്ന കൊറോണ വൈറസിനെ തിരിച്ചറിഞ്ഞിട്ടുള്ളത്.

2013-ല്‍ ഷിയും സംഘവും നടത്തിയ ഗവേഷണത്തിനൊടുവില്‍ യുനാന്‍ പ്രവിശ്യയിലെ മോജിയാങ് ഗുഹയില്‍ നിന്നായിരുന്നു ഈ നിര്‍ണായക കണ്ടെത്തല്‍. ഈ വവ്വാലിലെ കൊറോണ വൈറസിന് സാര്‍സ് കോവ് 2 വൈറസുമായി 96 ശതമാനം ജനിതക സാമ്യതയുണ്ട്. അതേസമയം, കോവിഡിന്റെ ഡെല്‍റ്റ വകഭേദം ചൈനയില്‍ വലിയ തോതില്‍ പടര്‍ന്ന് പിടിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഏതാണ്ട് 10 ചൈനീസ് പ്രവിശ്യകളില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.