ആശങ്ക പരത്തി യൂറോപ്പിലും മങ്കിപനി പടരുന്നു

Breaking News Europe Health

ജനീവ : ആശങ്ക പരത്തി യൂറോപ്പില്‍ മങ്കിപനി പടരുന്നു. പടിഞ്ഞാറന്‍-മധ്യ ആഫ്രിക്കയില്‍ സാധാരണമായി കാണുന്ന മങ്കിപനിയുടെ 100ലേറെ കേസുകളാണ് ഇതിനകം യൂറോപ്പില്‍ സ്ഥിരീകരിച്ചത്. യുകെ, സ്പെയിന്‍, പോര്‍ച്ചുഗല്‍, ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ്, ഇറ്റലി എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമേ യു എസ്, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

കുരങ്ങുകളില്‍ ആദ്യം തിരിച്ചറിഞ്ഞ രോഗം അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് പടരുന്നത്. എന്നാല്‍ ആഫ്രിക്കയ്ക്ക് പുറത്ത് അപൂര്‍വ്വമായി മാത്രമേ കാണാറുള്ളു. ഇതാണ് രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നത്.

മങ്കിപനിയ്ക്ക് പ്രത്യേക വാക്സിനില്ല, എന്നാലും വസൂരിക്കെതിരായ വാക്സിനുകള്‍ ഇതിനെതിരെ 85% വരെ ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. കുരങ്ങുപനി ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഈ വാക്സിന്‍ ല്‍കിയതായി ബ്രിട്ടനും സ്ഥിരീകരിച്ചു.

ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടുന്നവരിലാണ് നിലവില്‍ കേസുകള്‍ കണ്ടെത്തിയിട്ടുള്ളതെന്നും സ്ഥിരീകരണമുണ്ട്. സമ്മറില്‍ പാര്‍ട്ടികളും ഫെസ്റ്റിവലുകളുമൊക്കെയായി ആളുകള്‍ ഒത്തുചേരുന്നതിനാല്‍ മങ്കിപനി പടരുന്നത് വേഗത്തിലാക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ റീജിയണല്‍ ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെ പറഞ്ഞു.

അയര്‍ലണ്ടിലും മങ്കിപനി കേസുകള്‍ കണ്ടെത്തിയേക്കാമെന്ന് ട്രോപ്പിക്കല്‍ മെഡിക്കല്‍ ബ്യൂറോ ഡയറക്ടര്‍ ഡോ. ഗ്രഹാം ഫ്രൈ പറഞ്ഞു. എന്നാല്‍ ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.

ഈ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേരുകയാണ്. ആഗോള വ്യാപകമായി ആരോഗ്യത്തിന് ഭീഷണിയാകാവുന്ന അണുബാധകളുടെ അപകടസാധ്യതകളെക്കുറിച്ച് ലോകാരോഗ്യ സംഘടനയെ ഉപദേശിക്കുന്ന പാന്‍ഡെമിക് ആന്‍ഡ് എപ്പിഡെമിക് പൊട്ടന്‍ഷ്യല്‍ (എസ്ടിജി-ഐഎച്ച്) ഗ്രൂപ്പാണ് ചേരുന്നത്.

യൂറോപ്പ് കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വ്യാപകമായ മങ്കിപനി ബാധയാണ് ഇപ്പോഴത്തേതെന്ന് ജര്‍മ്മന്‍ സായുധ സേനാ മെഡിക്കല്‍ സര്‍വ്വീസ് വ്യക്തമാക്കി. എന്നിരുന്നാലും ഈ പകര്‍ച്ചവ്യാധി വളരെക്കാലം നിലനില്‍ക്കില്ല. കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ് വഴി കേസുകള്‍ തിരിച്ചറിയാന്‍ കഴിയും. മാത്രമല്ല, ഉപയോഗിക്കാവുന്ന മരുന്നുകളും ഫലപ്രദമായ വാക്‌സിനുകളും നിലവിലുണ്ടെന്നും സംഘടന വിശദീകരിച്ചു.

സാര്‍സ് -കോവ് -2 വൈറസ് പോലെ അത്ര വേഗത്തില്‍ പടരുന്നതല്ല മങ്കിപനി എന്നത് തെല്ല് ആശ്വാസം നല്‍കുന്നതാണ്. സാധാരണ വൈറല്‍ പനി പോലെയുള്ള രോഗമാണ് മങ്കിപനി. ലക്ഷണങ്ങളും അതുപോലെ തന്നെയാണ്. പനിബാധിച്ച ശേഷം മുഖത്ത് രൂപപ്പെടുന്ന ചുണങ്ങു പോലെയുള്ള ചെറു പാടുകള്‍ ശരീരത്തിലാകെ പടരുന്നതാണ് മങ്കിപനി.