ഇറ്റലിയിലും സ്വീഡനിലും മങ്കിപോക്‌സ് സ്ഥിരീകരിച്ചു

Breaking News Europe Health

മാഡ്രിഡ് : മങ്കിപോക്‌സ് കേസുകള്‍ രേഖപ്പെടുത്തിയ ഏറ്റവും പുതിയ രാജ്യങ്ങളായി ഇറ്റലിയും സ്വീഡനും.കാനറി ദ്വീപുകളില്‍ നിന്ന് മടങ്ങിയെത്തിയ ഇറ്റലിക്കാരനാണ് റോമിലെ ഒരു ആശുപത്രിയില്‍ നിന്നും ടെസ്റ്റ് ചെയ്തപ്പോള്‍ മങ്കിപോക്‌സ് പോസിറ്റീവ് ഫലം ലഭിച്ചത്. സ്വീഡനിലെ രോഗിക്ക് സ്റ്റോക്ക്‌ഹോമില്‍ വെച്ചാണ് രോഗനിര്‍ണയം നടത്തിയത്.കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതോടെ ആഗോളതലത്തില്‍ മങ്കിപോക്‌സ് കേസുകള്‍ സ്ഥിരീകരിച്ച രാജ്യങ്ങളുടെ എണ്ണം ഏഴായി ഉയര്‍ന്നു.

ഇതുവരെ, പടിഞ്ഞാറന്‍ അല്ലെങ്കില്‍ മധ്യ ആഫ്രിക്കയ്ക്ക് പുറത്തുള്ള നാല് രാജ്യങ്ങളില്‍ മാത്രമേ വൈറസ് കണ്ടെത്തിയിട്ടുള്ളൂ, നിലവില്‍ രോഗികളായിട്ടുള്ളവര്‍ ഇടക്കാലത്ത് ആഫ്രിക്ക സന്ദര്‍ശിച്ചവരുമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം ബ്രിട്ടീഷ്, സ്പാനിഷ് രോഗികളില്‍ ഭൂരിഭാഗവും സ്വവര്‍ഗ്ഗാനുരാഗികളോ ബൈസെക്ഷ്വല്‍ പുരുഷന്മാരോ ആണ്, ഇത് ‘ലൈംഗിക വേഴ്ചയിലൂടെ പകര്‍ന്നതാവാമെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. മറ്റ് രാജ്യങ്ങളിലെ രോഗികളുടെ ജന്‍ഡര്‍ വെളിപ്പെടുത്തിയിട്ടില്ല.

ഇറ്റലിയിലെ മങ്കിപോക്‌സ് രോഗി കാനറി ദ്വീപുകളില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നു, ഇപ്പോള്‍ റോമിലെ ആശുപത്രിയില്‍ ഐസൊലേഷനിലാണെന്ന് ആശുപത്രി അറിയിച്ചു. സംശയാസ്പദമായ മറ്റ് രണ്ട് കേസുകള്‍ നിരീക്ഷിച്ചു വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വരും ആഴ്ചകളില്‍ കൂടുതല്‍ രാജ്യങ്ങളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നല്‍കി.

യുകെയിലെ ഒമ്പത് കേസുകളില്‍ ആറെണ്ണം ലണ്ടനിലാണ്, രണ്ടെണ്ണം സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും ഒന്ന് നോര്‍ത്ത് ഈസ്റ്റിലും. യുകെ രോഗികളില്‍ ഒരാളൊഴികെ മറ്റെല്ലാവരും നൈജീരിയയില്‍ നിന്ന് വന്നവരാണ്.

കാനഡയില്‍ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ യുഎസ് പൗരനിലും കുരങ്ങുപനി കണ്ടെത്തിയിട്ടുണ്ട്. കാനഡയില്‍ കുറഞ്ഞത് പതിമൂന്ന് കേസുകളെങ്കിലും മങ്കിപോക്‌സ് ഉണ്ടാവാമെന്ന് ആരോഗ്യവകുപ്പ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട് പരിശോധനകള്‍ നടന്നുവരികയാണ്.

സ്‌പെയിനില്‍ ഏഴ് പേര്‍ക്ക് രോഗനിര്‍ണയം നടത്തി, ഡസന്‍ കണക്കിന് ആളുകള്‍ നിരീക്ഷണത്തിലാണ്. ഒമ്പത് കേസുകള്‍ സ്ഥിരീകരിച്ചതായി പോര്‍ച്ചുഗല്‍ അറിയിച്ചു.