ബ്രസല്‍സ് : ലോകത്തിന് ആശങ്ക പരത്തി മങ്കിപോക്സ് പടരുന്നതിനിടെ രോഗബാധിതര്‍ക്ക് ബെല്‍ജിയം നിര്‍ബന്ധിത ക്വാറന്റൈന് ഏര്‍പ്പെടുത്തി. മങ്കിപോക്സ് ബാധിതര്‍ക്ക് ക്വാറന്റൈന് ഏര്‍പ്പെടുത്തുന്ന ആദ്യ രാജ്യമായിരിക്കുകയാണ് ബെല്‍ജിയം. വൈറസ് ബാധിതര്‍ക്ക് 21 ദിവസത്തെ നിര്‍ബന്ധിത സെല്‍ഫ് ക്വാറന്റൈനാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രോഗികള്‍ അവരുടെ വ്രണങ്ങള്‍ കുറയുന്നത് വരെ വീടിനുള്ളില്‍ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
ബെല്‍ജിയത്തില്‍ ആദ്യത്തെ രോഗബാധ വെള്ളിയാഴ്ചയാണ് സ്ഥിരീകരിച്ചത്. ആന്റ്വെര്‍പ് സിറ്റിയിലെ ഡാര്‍ക്ക് ലാന്‍ഡ്സ് 2022 ഫെസ്റ്റിവലുമായി ബന്ധപ്പെട്ടാണ് രോഗബാധകളെല്ലാം. ഡാര്‍ക്ക് ലാന്‍ഡ് സന്ദര്‍ശകരില്‍ മൂന്നുപേര്‍ക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചതായി ബെല്‍ജിയന്‍ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
വിദേശത്ത് നിന്നുള്ള സന്ദര്‍ശകരാണ് ഫെസ്റ്റിവലിലേക്ക് രോഗം കൊണ്ടുവന്നതെന്നാണ് അനുമാനിക്കുന്നതെന്ന് ഗവണ്മെന്റിൻറെ റിസ്ക് അസസ്മെന്റ് ഗ്രൂപ്പ് വ്യക്തമാക്കി. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ഡാര്ക്ക്ലാന്ഡിനോട് ഗ്രൂപ്പ് ആവശ്യപ്പെട്ടു. മങ്കിപോക്സ് ബാധ ഡാര്‍ക്ക് ലാന്‍ഡ്സ് സന്ദര്‍ശകര്‍ക്കുള്ള മുന്നറിയിപ്പ് സന്ദേശമാണെന്ന് ഫെസ്റ്റിവല്‍ സംഘാടകര്‍ ഫേസ്ബുക്കില്‍ അറിയിച്ചു.
പടിഞ്ഞാറ് മധ്യ ആഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ മങ്കിപോക്സ് ഇതിനകം 14 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു. 120 രോഗബാധിതരെയാണ് കണ്ടെത്തിയിട്ടുള്ളത്. പനി, തലവേദന, വിറയല്‍, ക്ഷീണം, വേദന എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. മുഖത്താരംഭിക്കുന്ന ചെറുപാടുകള് ഏതാണ്ട് അഞ്ച് ദിവസത്തിനകം ശരീരത്തിലാകെ ബാധിക്കും. പൂര്‍ണ്ണമായും രോഗമുക്തി നേടാന്‍ ആഴ്ചകളെടുക്കും. ഒന്നു മുതല്‍ 10 ശതമാനം വരെയാണ് മരണനിരക്ക്. യുവാക്കളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.