ജനീവ : മങ്കിപോക്സിനെ അത്രകണ്ട് പേടിക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. മങ്കിപോക്സ് ഇതിനകം 50ലധികം രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചിട്ടുണ്ട്. എന്നിരുന്നാലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും സംഘടന പറഞ്ഞു.
മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത രാജ്യങ്ങളില്‍ രോഗം പടരുന്നതിലുള്ള ആശങ്കയെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വിളിച്ചു കൂട്ടിയ എമര്‍ജെന്‍സി കമ്മിറ്റിയാണ് ഈ വിലയിരുത്തല്‍ നടത്തിയത്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കാണപ്പെട്ടിരുന്ന കുരങ്ങുപനി വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടിരിക്കുകയാണെന്ന് കമ്മിറ്റി സമ്മതിച്ചു. ഇപ്പോള്‍ മറ്റു രാജ്യങ്ങളിലേയ്ക്കും പടരുന്ന സാഹചര്യത്തില്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും അവലോകനം ചെയ്യുകയും വേണമെന്ന് കമ്മിറ്റി പറയുന്നു.
മുമ്പ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത 40 രാജ്യങ്ങളിലായി 3,200ലധികം മങ്കിപോക്സ് അണുബാധകളാണ് ഈ ആഴ്ച സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കേസുകളില്‍ ഭൂരിപക്ഷവും സ്വവര്‍ഗ്ഗാനുരാഗികളിലും ബൈസെക്ഷ്വലുകളിലും പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരിലുമാണ്. മങ്കിപോക്സ് കേസുകളില്‍ 80%വും യൂറോപ്പിലാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
സ്പെയിനിലെയും ബെല്‍ജിയത്തിലെയും പുരുഷന്മാരുടെ ലൈംഗിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതാകാം യൂറോപ്പിലെ കേസുകളുടെ വര്‍ദ്ധനവെന്ന് ലോകാരോഗ്യ സംഘടനയുടെ ഉപദേഷ്ടാവ് വെളിപ്പെടുത്തുന്നു.
വന്യമൃഗങ്ങളുമായി ബന്ധപ്പെടുന്നവരിലാണ് ആഫ്രിക്കയില്‍ മങ്കിപോക്സ് കൂടുതലായും കണ്ടുവരുന്നത്. കോംഗോ, കാമറൂണ്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് എന്നിവിടങ്ങളില്‍ 70 മരണങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 1,500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.