അയര്‍ലണ്ടില്‍ ഇതുവരെ 28 മങ്കി പോക്സ് കേസുകള്‍ സ്ഥിരീകരിച്ചു

Breaking News Europe Health Ireland

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഇതുവരെ 28 മങ്കി പോക്സ് കേസുകള്‍ സ്ഥിരീകരിച്ചു. രോഗബാധിതരെല്ലാം 25 നും 44 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണെന്ന് എച്ച് പി എസ് സി വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച മാത്രം 14 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യുകെയിലെയും പല യൂറോപ്യന്‍ രാജ്യങ്ങളിലെയും മങ്കിപോക്സ് കേസുകള്‍ പരിഗണിക്കുമ്പോള്‍ ഈ കേസുകള്‍ അപ്രതീക്ഷിതമല്ലെന്ന് എച്ച് പി എസ് സി പറഞ്ഞു.

രോഗം ബാധിച്ച ഓരോ കേസിലും എച്ച് എസ് ഇ ഫോളോ അപ് നടത്തുന്നുണ്ടെന്നും രോഗികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എന്തുചെയ്യണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ടെന്നും എച്ച് പി എസ് സിഅറിയിച്ചു.

പടിഞ്ഞാറന്‍, മധ്യ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പുറത്ത് മങ്കിപോക്സ് കേസുകള്‍ മേയ് മുതലാണ് കണ്ടു തുടങ്ങിയത്. കണ്ടെത്തുന്ന കേസുകളില്‍ ഏറെയും പടിഞ്ഞാറന്‍ യൂറോപ്പിലാണ്. യൂറോപ്പില്‍ മാത്രം 2,746 കേസുകളാണ് സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് ഓഫീസും ഇ സി ഡി സിയും അറിയിച്ചു.

84% കേസുകളും യൂറോപ്പിലാണ് കണ്ടെത്തിയിട്ടുള്ളത്. ബ്രിട്ടന്‍, സ്പെയിന്‍, ജര്‍മ്മനി, പോര്‍ച്ചുഗല്‍, കാനഡ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.