ഡബ്ലിന്‍ : അയര്‍ലണ്ടില്‍ മങ്കി പോക്സ് ബാധിതരുടെ എണ്ണം ഒമ്പതായി. ആരോഗ്യ വകുപ്പ് ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. രോഗികളുടെയെല്ലാം ശരാശരി പ്രായം 37 വയസ്സാണെന്ന് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വൈലന്‍സ് സെന്റര്‍ പറഞ്ഞു.
സ്വവര്‍ഗ്ഗാനുരാഗികള്‍, ബൈസെക്ഷ്വല്‍ അല്ലെങ്കില്‍ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന മറ്റ് പുരുഷന്മാര്‍ എന്നിവരിലാണ് രോഗബാധയെന്നും റിപ്പോര്‍ട്ട് പറയുന്നു. 32 മുതല്‍ 46 വരെ പ്രായമുള്ള പുരുഷന്മാരാണ് രോഗികളായ ഒമ്പത് പേരും. ഇവരില്‍ ആര്‍ക്കും ആശുപത്രി പരിചരണം വേണ്ടി വന്നിട്ടില്ല. മെയ് 31നും ജൂണ്‍ എട്ടിനും ഇടയിലാണ് കേസുകള്‍ സ്ഥിരീകരിച്ചത്.
വരും ആഴ്ചകളില്‍ അയര്‍ലണ്ടില്‍ കൂടുതല്‍ കേസുകളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എച്ച് പി പി എസ് സി അറിയിച്ചു.
നോണ്‍ എന്‍ഡമിക് രാജ്യങ്ങളില്‍ വൈറസ് ബാധയ്ക്ക് സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) ഈ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിരുന്നാലും വൈറസിനെതിരെ വാക്സിനേഷന്‍ ഇനിയും ശുപാര്‍ശ ചെയ്തിട്ടില്ല, മങ്കി പോക്സുമായി ബന്ധപ്പെട്ട് മരണങ്ങളൊന്നും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഒമ്പത് ആഫ്രിക്കന്‍ രാജ്യങ്ങളിലും യൂറോപ്പില്‍, ബ്രിട്ടന്‍, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലും രോഗബാധ ഔട്ട് ബ്രേയ്ക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കടുത്ത പനി, ഗ്രന്ഥി വീക്കം, ചിക്കന്‍പോക്‌സ് പോലെയുള്ള ചുണങ്ങ് തുടങ്ങിയവയാണ് മങ്കി പോക്സ് ലക്ഷണങ്ങള്‍.