അയര്‍ലണ്ടിലും മങ്കിപോക്സ് സ്ഥിരീകരിച്ചു

Breaking News Europe Health

ഡബ്ലിന്‍ : ആശ്വാസം ആശങ്കയ്ക്ക് വഴിമാറിക്കൊണ്ട് അയര്‍ലണ്ടിലും മങ്കിപോക്സ് സ്ഥിരീകരിച്ചു. സംശയമുള്ള മറ്റൊരു കേസില്‍ പരിശോധനാ ഫലം കാത്തിരിക്കുകയാണ്. രാജ്യത്തിൻറെ കിഴക്കന്‍ പ്രദേശത്താണ് രോഗബാധയെന്ന് എച്ച് പി എസ് സി അറിയിച്ചു.

രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്ന് എച്ച് എസ് ഇ പറഞ്ഞു. രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരെ ട്രേസ് ചെയ്തുവരികയാണെന്നും എച്ച് എസ് ഇ അറിയിച്ചു. യു കെയിലും പല യൂറോപ്യന്‍ രാജ്യങ്ങളിലും മങ്കി പോക്സ് പടരുന്നതിനാല്‍ അയര്‍ലണ്ടിലെ രോഗബാധ പ്രതീക്ഷിച്ചിരുന്നു. ഈ ആഴ്ച ആദ്യം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു.

സാധാരണയായി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന മങ്കിപോക്സ് യൂറോപ്പ്, യു എസ് പോലുള്ള നോണ്‍-എന്‍ഡെമിക് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതാണ് ആശങ്ക പടര്‍ത്തുന്നത്.യുകെ, ഇ യു, നോര്‍ത്ത് അമേരിക്ക, ഓസ്‌ട്രേലിയ, ഇസ്രായേല്‍, യു എ ഇ എന്നിവിടങ്ങളിലായി 200 മങ്കിപോക്സ് കേസുകളാണ് ഇതിനകം കണ്ടെത്തിയിട്ടുള്ളത്.

സ്മോള്‍ പോക്സുമായി ബന്ധപ്പെട്ടതാണ് മങ്കിപോക്സ്. ഈ വൈറസിൻറെ വെസ്റ്റ് ആഫ്രിക്കന്‍ സ്ട്രെയിനാണ് അമേരിക്കയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഒരു ശതമാനമാണ് മങ്കി പോക്സ് വൈറസിൻറെ മരണനിരക്ക്. രണ്ടോ നാലോ ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ണ്ണമായി സുഖം പ്രാപിക്കുന്ന രോഗമാണ് മങ്കിപോക്സെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. പനി, വേദന, ചുണങ്ങുപോലെയുള്ള വ്രണങ്ങള്‍ എന്നിവയാണ് മങ്കിപോക്സിൻറെ ലക്ഷണങ്ങള്‍.

മങ്കി പോക്സ് ബാധ മുന്‍ നിര്‍ത്തി തേര്‍ഡ് ജനറേഷന്‍ സ്മോള്‍ പോക്‌സ് വാക്‌സിന്‍ എച്ച് എസ് ഇ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലി പറഞ്ഞു. നിയാകിൻറെ ഉപദേശമനുസരിച്ച് രോഗികള്‍ക്കും അവരെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍ക്കും വാക്സിന്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ് പ്രോട്ടോക്കോളും നിലവിലുണ്ട്. എച്ച് എസ് ഇയുടെ വെബ്‌സൈറ്റില്‍ രോഗം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.