കടലില്‍ കാണാതായത് നൂറുകണക്കിന് കുടിയേറ്റക്കാര്‍

Europe Headlines International

വലേറ്റ : ലോകത്തിലെ ഏറ്റവും തിരക്കേറിയ കുടിയേറ്റ റൂട്ടുകളിലൊന്നായ മെഡിറ്ററേനിയന്‍ കടലില്‍ കാണാതാകുന്നവര്‍ക്കും മരിച്ചവര്‍ക്കും ആദരാഞ്ജലിയര്‍പ്പിച്ച് ജനസഹസ്രങ്ങള്‍.

മാള്‍ട്ട അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ കുടിയേറ്റക്കാരോടുള്ള നിഷേധാത്മക നിലപാട് നാളുകളായി വിമര്‍ശിക്കപ്പെടുന്നതാണ്. ഇക്കാര്യത്തില്‍ മാള്‍ട്ട സര്‍ക്കാരിൻറെ മൗനവും പ്രതിഷേധത്തിന് വഴി തുറന്നിരുന്നു.

ജീവിതം തേടിയുള്ള പരക്കം പാച്ചിലില്‍ കടലില്‍ അകാലത്തില്‍ പൊലിഞ്ഞവര്‍ക്ക് ആദരവര്‍പ്പിച്ച് മുപ്പതിലധികം സംഘടനകളില്‍ നിന്നുള്ള പ്രവര്‍ത്തകരും പൊതുജനങ്ങളും സെന്‍ഗ്ലിയയിലെ തുറമുഖത്ത് ഒത്തുകൂടി അനുസ്മരണം സംഘടിപ്പിച്ചു.

സ്പാനിഷ് പട്ടണങ്ങളിലൊന്നായ സിയൂട്ടയില്‍ 2014ല്‍ നടന്ന താരജല്‍ കൂട്ടക്കൊലയുടെ വാര്‍ഷികമായ ഫെബ്രുവരി 6 -നാണ് മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം മാള്‍ട്ടയിലും അനുസ്മരണ ദിനം സംഘടിപ്പിച്ചത്. സ്പാനിഷ് അതിര്‍ത്തി പോലീസ് നടത്തിയ റബ്ബര്‍ ബുള്ളറ്റ് വെടിവെപ്പില്‍ താരജല്‍ ബീച്ചില്‍ നിന്ന് സ്യൂട്ട എന്‍ക്ലേവിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 15 പേരാണ് മുങ്ങി മരിച്ചത്. സംഭവത്തിലുള്‍പ്പെട്ട ഉദ്യോഗസ്ഥരെ സ്പാനിഷ് കോടതി പിന്നീട് കുറ്റവിമുക്തരാക്കിയിരുന്നു.

അപകടത്തില്‍പ്പെട്ടവരുടെ കോളുകള്‍ അവഗണിക്കുന്നതിനു പുറമേ രക്ഷപ്പെടുത്തിയവരെ ഇവിടെ ഇറങ്ങാന്‍ അനുവദിക്കുന്നില്ല എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അഭയാര്‍ഥികളെ അപമാനിക്കുകയാണ്. ഉല്ലാസ ബോട്ടുകളില്‍ കുടിയേറ്റക്കാരെ തടങ്കലില്‍ വച്ചതിനെ ഇതിനു തെളിവായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

കുടിയേറ്റക്കാര്‍ അമ്മമാരും അച്ഛന്മാരും സഹോദരിമാരും സഹോദരന്മാരും കുട്ടികളുമൊക്കെയാണെന്ന് ഇവര്‍ ഓര്‍മ്മപ്പെടുത്തി. കടലില്‍ നഷ്ടപ്പെടുന്ന ജീവന്‍ രക്ഷിക്കുകയെന്നത് നിയമപരവും ധാര്‍മ്മികവുമായ ബാധ്യതയാണെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

അഭയം തേടാനുള്ള അവകാശം സംരക്ഷിക്കപ്പെടണം. അഭയം തേടുന്നവരെ ബഹുമാനത്തോടും അന്തസ്സോടും കൂടി പരിഗണിക്കണം. കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിന് അതിര്‍ത്തിയിലെ മാള്‍ട്ടയ്ക്കും മറ്റ് അംഗരാജ്യങ്ങളോടും ശക്തമായ സഹായം നല്‍കണമെന്ന് പ്രവര്‍ത്തകര്‍ ഇയു സ്ഥാപനങ്ങളോട് ആവശ്യപ്പെടുന്നു.