കീവിനെ ചുട്ടെരിച്ച് റഷ്യന്‍ കാടത്തം തുടരുന്നു

Breaking News Crime Russia Ukraine

കീവ് : ഉക്രൈയന്‍ തലസ്ഥാനമായ കീവിനെ ചുട്ടെരിച്ച് റഷ്യന്‍ കാടത്തം തുടരുന്നു. കീവിലെ അപ്പാര്‍ട്ട്മെൻറ് ബ്ലോക്കിലും കിന്റര്‍ഗാര്‍ട്ടനിലുമാണ് റഷ്യന്‍ മിസൈലുകള്‍ പതിച്ചത്. നിരവധിയാളുകള്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് സൂചന.

ഞായറാഴ്ച പുലര്‍ച്ചെയാണ് മധ്യ കീവിനെ നടുക്കിയ നാല് സ്ഫോടനങ്ങളുണ്ടായത്. റഷ്യയുടെ ആദ്യ ഘട്ട മുന്നേറ്റം തടഞ്ഞതിനെ തുടര്‍ന്ന് കീവില്‍ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയായിരുന്നു. അതിനിടെയാണ് സെന്‍ട്രല്‍ കീവില്‍ റഷ്യ വ്യോമാക്രമണം നടത്തിയത്.

റഷ്യയുടെ തെക്കന്‍ പ്രദേശമായ അസ്ട്രഖാനില്‍ 1000 കിലോമീറ്റര്‍ അകലെ നിന്ന് 4-6 ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഉക്രേനിയന്‍ വ്യോമസേന വക്താവ് പറഞ്ഞു. സെന്‍ട്രല്‍ നഗരമായ ചെര്‍കാസിയിലും പതിച്ചു.

റഷ്യ വീണ്ടും കീവ് ആക്രമിച്ചെന്ന് പ്രസിഡന്റിൻറെ അഡ്മിനിസ്ട്രേഷന്‍ മേധാവി ആന്‍ഡ്രി യെര്‍മാക് സ്ഥിരീകരിച്ചു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും ആറ് പേര്‍ക്ക് പരിക്കേറ്റതായും ഡെപ്യൂട്ടി മേയര്‍ മൈക്കോള പൊവോറോസ്നിക് പറഞ്ഞു. പിന്നീട് റഷ്യന്‍ മിസൈലുകളെ പ്രതിരോധിച്ചെന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.

മോസ്‌കോയ്‌ക്കെതിരായ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ചര്‍ച്ച ചെയ്യാന്‍ ലോക നേതാക്കള്‍ യൂറോപ്പില്‍ ഒത്തുകൂടിയ സാഹചര്യത്തിലാണ് ഇപ്പോഴത്തെ ആക്രമണം. കീവ് ആക്രമണം കാടത്തമാണെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ ആരോപിച്ചു. ജര്‍മ്മനിയില്‍ ജി 7 ഉച്ചകോടിക്കെത്തിയപ്പോഴായിരുന്നു ബൈഡൻറെ പ്രതികരണം.

റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയും ഉക്രൈയ്‌നിന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കിയും ജി7 രാജ്യങ്ങള്‍ മിസൈല്‍ ആക്രമണത്തോട് പ്രതികരിക്കണമെന്ന് ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെതിരെ ഐക്യം നിലനിര്‍ത്തേണ്ടതുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.