കീവ്: കിഴക്കന്‍ ഉക്രൈനിലെ ക്രമാറ്റോര്‍സ്‌ക് റെയില്‍വേസ്റ്റേഷനില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ മുപ്പതിലധികം ആളുകള്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. അനേകം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യുദ്ധമേഖലയില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങാനായി ട്രെയിന്‍ കാത്തുനിന്നവര്‍ക്ക് നേരെയാണ് റഷ്യയുടെ ആക്രമണമുണ്ടായത്. രണ്ട് മിസൈലുകള്‍ സ്റ്റേഷനില്‍ പതിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വെള്ളിയാഴ്ച ഉക്രൈന്‍ സമയം 10.30 നാണ് സ്റ്റേഷനില്‍ സ്‌ഫോടനങ്ങളുണ്ടായതെന്ന് ക്രമാറ്റോര്‍സ്‌ക് മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് മിസൈലുകളാണ് പതിച്ചതെങ്കിലും സ്റ്റേഷനില്‍ പത്തോളം സ്‌ഫോടനങ്ങള്‍ നടന്നതായാണ് ദൃസാക്ഷികള്‍ നല്‍കുന്ന വിവരം. ചില മിസൈലുകള്‍ ഉക്രൈന്‍ സേന തടഞ്ഞതായും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ആക്രമണ സമയം ഏകദേശം നാലായിരത്തിലധികം ആളുകളായിരുന്നു സ്റ്റേഷനില്‍ ഉണ്ടായിരുന്നത്.
ക്രമാറ്റോര്‍സ്‌ക് ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ലൂയിഡി മയോ കഴിഞ്ഞ ദിവസം രംഗത്തെത്തി. പുടിന്‍ തൻറെ ചോരക്കളി തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ യുദ്ധം അവസാനിക്കണം, അതിനായുള്ള ഒരു സമാധാന യോഗത്തിന് ഞങ്ങള്‍ ശ്രമിക്കുകയാണ് , എന്നാല്‍ പുടിന്‍ സമാധാനം അഗ്രഹിക്കുന്നില്ല എന്ന് ഡി മയോ പറഞ്ഞു. ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലും സത്രീകളുടെയും കുട്ടികളുടെയുമടക്കം നേര്‍ക്ക് മിസൈല്‍ ആക്രമണങ്ങളും നടക്കുകയാണ്,അങ്ങനെയെങ്കില്‍ ഈ മദ്ധ്യസ്ഥ ശ്രമങ്ങള്‍ ഒരുപാട് നീണ്ടുപോവുമെന്നും, ഒരു ദീര്‍ഘയുദ്ധം തന്നെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.