ലിബിയന്‍ തീരത്ത് ബോട്ടു മുങ്ങി 28 കുടിയേറ്റക്കാര്‍ മരിച്ചു

Africa Breaking News

ഡബ്ലിന്‍: ലിബിയയുടെ പടിഞ്ഞാറന്‍ തീരത്ത് ബോട്ട് മുങ്ങിയതിനെ തുടര്‍ന്ന് 28 കുടിയേറ്റക്കാര്‍ മുങ്ങിമരിച്ചു. ട്രിപ്പോളിയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള അല്‍-അലോസ് ബീച്ചുകളില്‍ രണ്ട് ഇടങ്ങളില്‍ നിന്നാണ് 28 മൃതദേഹങ്ങള്‍ ലിബിയന്‍ റെഡ് ക്രസന്റ് ടീമുകള്‍ കണ്ടെടുത്തത്.

മൃതദേഹങ്ങള്‍ ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബോട്ട് തകര്‍ന്നതെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടുതല്‍ ആളുകള്‍ മരിച്ചതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ പാതയില്‍ സംഭവിച്ച ഏറ്റവും വലിയ കുടിയേറ്റ ദുരന്തമാണിതെന്നും ഇദ്ദേഹം വെളിപ്പെടുത്തി.

വിവിധങ്ങളായ കാരണങ്ങളാല്‍ നൂറുകണക്കിന് ആഫ്രിക്കന്‍, ഏഷ്യന്‍ കുടിയേറ്റക്കാര്‍ ഇപ്പോഴും യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിക്കുകയാണ്.

സമാനമായ സംഭവങ്ങളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 160 കുടിയേറ്റക്കാര്‍ മരിച്ചതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഏറ്റവും പുതിയ ദുരന്തവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 30,000 -ത്തിലധികം കുടിയേറ്റക്കാരെ ലിബിയയിലേക്ക് മടക്കി അയച്ചതായും ഐഒഎം പറയുന്നു.