തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ ജയിച്ചതിൻറെ ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങിയ മഞ്ഞപ്പടയെ സമനിലയില്‍ തളച്ച് ജംഷഡ്പൂര്‍ എഫ്.സി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. ഒന്നാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്.
14-ാം മിനിട്ടില്‍ ഗ്രെഗ് സ്റ്റെവാര്‍ട്ടിലൂടെ മുന്നിലെത്തിയ ജംഷഡ്പൂരിനെ 27-ാം മിനുറ്റില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിലൂടെ സമനിലയില്‍ പിടിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ്. തുടര്‍ച്ചയായ ഏഴാം മത്സരത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്സിൻറെ തോല്‍വിയറിയാത്ത മുന്നേറ്റമെന്നതും ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട് .
ഇരു ടീമുകളും ആക്രമിച്ച് കളിച്ചാണ് മത്സരം ആരംഭിച്ചത്. പാസിംഗിലെ പിഴവുകള്‍ തുടക്കത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
37-ാം മിനിട്ടില്‍ കേരളത്തിന് ലഭിക്കേണ്ട പെനാല്‍ട്ടി റഫറി നിഷേധിച്ചതും മത്സരത്തില്‍ വഴിത്തിരിവായി . വാസ്‌കസിൻറെ ഒരു ക്രോസ് ജംഷഡ്പൂര്‍ താരത്തിൻറെ കയ്യില്‍ തട്ടിയെങ്കിലും റഫറി പെനാല്‍ട്ടി നിഷേധിച്ചു.
രണ്ടാം പകുതിയില്‍ ലീഡുയര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സ് തുടക്കം മുതല്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോള്‍മുഖത്തേക്ക് ഷോട്ടുതിര്‍ക്കുന്നതില്‍ പിന്നോട്ടായി. സമനിലയെങ്കിലും എട്ട് കളിയില്‍ 13 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാമതെത്തി. അതേസമയം ജംഷഡ്പൂരിനും 3 പോയിന്റ് ആണൂള്ളത് എന്നാല്‍ ഗോള്‍ശരാശരിയുടെ കരുത്തില്‍ ജംഷഡ്പൂര്‍ രണ്ടാമതെത്തി.