സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധം; ധരിച്ചില്ലെങ്കില്‍ പിഴ

Breaking News Covid Health Kerala

തിരുവനന്തപുരം : സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിറങ്ങി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കും. നിയന്ത്രണം കര്‍ശനമാക്കി പൊലീസ് ഉത്തര്‍വിറക്കി. പരിശോധനയും, നടപടിയും കര്‍ശനമാക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി. പൊതുയിടങ്ങള്‍, ആള്‍ക്കൂട്ടം, ജോലി സ്ഥലം, യാത്ര ചെയ്യുക തുടങ്ങിയ സമയങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കിയത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുള്ളത്. കൊവിഡ് വ്യാപനം കൂടിയ ആദ്യഘട്ടങ്ങളില്‍ സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് ഇന്നലെ കൊവിഡ് കേസുകള്‍ വീണ്ടും കൂടിയിട്ടുണ്ട്. 2,994 പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 12 കൊവിഡ് മരണവും സ്ഥിരീകരിച്ചു. കൂടുതല്‍ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്നലെ സ്ഥിരീകരിച്ചത്. 782 കേസുകള്‍. ജില്ലയില്‍ മൂന്ന് മരണവും ഇന്നലെ സ്ഥിരീകരിച്ചു.കൊല്ലം 233, പാലക്കാട് 168, ഇടുക്കി 54, കോട്ടയം 361, ആലപ്പുഴ 177, എറണാകുളം 616, തൃശൂര്‍ 145, പാലക്കാട് 79, മലപ്പുറം 70, കോഴിക്കോട് 168, വയനാട് 30, കണ്ണൂര്‍ 79, കാസര്‍കോട് 31 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.