മാനസയെ കൊലപ്പെടുത്തിയ കേസില്‍  തോക്ക് വില്പന നടത്തിയ ബീഹാര്‍ സ്വദേശികളെ ഇന്ന് എറണാകുളത്ത് എത്തിക്കും

Kerala

കൊച്ചി : ദന്തല്‍ വിദ്യാര്‍ത്ഥിനി മാനസയെ കൊലപ്പെടുത്തിയ കേസില്‍  തോക്ക് വില്പന നടത്തിയ ബീഹാര്‍ സ്വദേശികളെ ഇന്ന് എറണാകുളത്ത് എത്തിക്കും. സോനു കുമാര്‍ മോദി, മനീഷ് കുമാര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം കോതമംഗലം പോലീസിന്റെ പിടിയിലായത്. ഇന്ന് ഉച്ചയോടെ വിമാനമാര്‍ഗം നെടുമ്പാശ്ശേരിയില്‍ എത്തിക്കുന്ന പ്രതികളെ നാളെയാണ് കോതമംഗലം ഫസ്റ്റ് ക്ലാസ് മാജിസ്ട്രെട്ടിന് മുന്നില്‍ ഹാജരാക്കുക.

ബീഹാര്‍ പോലീസിന്റെ സഹായത്തോടെയാണ് പ്രത്യേക സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. തോക്കിനായി രാഖില്‍ 35,000 രൂപ നല്‍കിയെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രാഖിലിന് ബീഹാറിലെത്തി തോക്ക് വാങ്ങാന്‍ മറ്റാരുടെയെങ്കിലും സഹായം കിട്ടിയോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലുള്ള പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകും എന്നാണ് അന്വേഷണ സംഘം കരുതുന്നത്.

ജൂലൈ 30നാണ് എറണാകുളം കോതമംഗലത്ത് ഡന്റല്‍ കോളജ് വിദ്യാര്‍ത്ഥിനിയായ മാനസയെ കണ്ണൂര്‍ സ്വദേശി ആയ രാഖില്‍ വെടിവെച്ച് കൊന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിലും ആത്മഹത്യ ചെയ്തു. ബെംഗലൂരുരില്‍ എംബിഎ പഠിച്ച് ഇന്റീരിയര്‍ ഡിസൈനറായി ജോലിചെയ്യുകയായിരുന്നു രാഖില്‍.