കരുനാഗപ്പള്ളി: ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. ആലപ്പാട് പണ്ടാരതുരുത്ത് മൂക്കുംപുഴ ക്ഷേത്രത്തിന് സമീപം തെക്കേ തുപ്പാശ്ശേരില്‍ വീട്ടില്‍ മണികണ്ഠനാണ് ഭാര്യ ബിന്‍സിയെ (38) കുത്തിക്കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകീട്ട് ഏഴിനുശേഷമാണ് സംഭവം.
കൃത്യം നടത്തിയശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മണികണ്ഠനെ (46- കൊച്ചുമണി) കരുനാഗപ്പള്ളി പൊലീസ് പണിക്കര്‍കടവ് കൊച്ചോച്ചിറ ഭാഗത്തുനിന്ന് കസ്റ്റഡിയിലെടുത്തു. ഐ.ആര്.ഇ വെള്ളനാതുരുത്ത് മൈനിങ് വിഭാഗം തൊഴിലാളിയായിരുന്നു മണികണ്ഠന്.
ഇരുവരും തമ്മില്‍ എന്നും കുടുംബവഴക്ക് നടക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മണികണ്ഠന് വന്‍ തുക വായ്പയെടുത്തതുമായി ബന്ധപ്പെട്ട് വഴക്ക് നടന്നിരുന്നു. വിഷയമറിഞ്ഞ് ബിന്‍സിയുടെ മാതാപിതാക്കള്‍ തിങ്കളാഴ്ച വന്ന് പരിഹാരശ്രമം നടത്തിപ്പോയി. പിന്നാലെ ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നെന്നും മണികണ്ഠന് ഭാര്യയെ കത്തികൊണ്ട് ഇടത് നെഞ്ചിന് താഴെ കുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ആഴത്തിലുള്ള മുറിവേറ്റ ബിന്‍സിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മക്കള്‍: മഹാദേവന് (13), മേഘനാഥ് (ഏഴ്). മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ചൊവ്വാഴ്ച നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.