തിരുവനന്തപുരം അരുവിക്കര കളത്തറയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊന്നു

Crime

തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കര കളത്തറയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊന്നു. അരുവിക്കര കാവനംപുറത്തു വീട്ടില്‍ ജനാര്‍ദ്ദനന്‍ ആണ് ഭാര്യ വിമലയെ വെട്ടി കൊലപ്പെടുത്തിയത്. പ്രതിയെ അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ രാത്രി 11. 30 ഓടെയാണ് സംഭവം. ഭാര്യയെ വെട്ടിയ ശേഷം അരുവിക്കര പൊലീസിനെ ജനാര്‍ദ്ദനന്‍ തന്നെയാണ് അറിയിച്ചത്.

കളത്തറ ജംഗ്ഷനിലൂടെ നടന്നെത്തിയ ഇയാളെ പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു. പിന്നീട് പൊലീസ് വീട്ടിലെത്തിയപ്പോഴാണ് മകന്‍ കൊലപാതക വിവരം അറിയുന്നത്. തെങ്ങുകയറ്റക്കാരനായ ജനാര്‍ദ്ദനന്‍ സ്ഥിരമായി വീട്ടില്‍ വഴക്ക് ഉണ്ടാക്കാറുണ്ട്. മറ്റുള്ളവരോട് ആജ്ഞാപിക്കുന്ന സ്വഭാവമുള്ളയാളാണ് ഇയാളെന്നാണ് വിവരം.

സംഭവ ദിവസവും പ്രതി ഭാര്യയോട് വഴക്കിട്ടിരുന്നു. തുടര്‍ന്നാണ് കത്തി ഉപയോഗിച്ചു കഴുത്തിനു വെട്ടിയത്. ഈ സമയം ശകതമായ മഴയായിരുന്നതിനാല്‍ സംഭവം വീട്ടിലുണ്ടായിരുന്ന മകനും കുടുംബവും അറിഞ്ഞില്ല എന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം വൈകുന്നേരം വീട്ടില്‍ വഴക്കു നടന്നിരുന്നതായും പറയുന്നു. അരുവിക്കര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.