കൊല്‍ക്കത്ത : ഡബ്ലിനില്‍ നിന്ന് കൊല്‍ക്കത്തയിലെത്തിയ യുവാവിനെ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഇദ്ദേഹത്തിന് ഒമിക്രോണ്‍ കോവിഡ് ബാധയാണോയെന്ന് സ്ഥിരീകരിക്കുന്നതിന് ജീനോം സീക്വന്‍സിംഗ് റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് സംസ്ഥാന ആരോഗ്യ വകുപ്പ്. കല്യാണിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കല്‍ ജീനോമിക്സില്‍ നിന്നുള്ള റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഡബ്ലിനില്‍ ജോലി ചെയ്യുകയാണ് ഈ യുവാവ്. മാഞ്ചസ്റ്ററില്‍ നിന്ന് അബുദാബി വഴിയാണ് ന്യൂഡല്‍ഹിയിലെത്തിയത്. പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പ് ഡിസംബര്‍ 16ന് ഡബ്ലിനിലെ ഒരു ലാബില്‍ പരിശോധിച്ചതിനെ തുടര്‍ന്ന് കോവിഡ് നെഗറ്റീവ് ലഭിച്ചിരുന്നു. ന്യൂഡെല്‍ഹി വിമാനത്താവളത്തിലും പരിശോധനയില്‍ കോവിഡ് നെഗറ്റീവായിരുന്നു. തുടര്‍ന്ന് 18ന് വൈകുന്നേരമാണ് യുവാവ് കൊല്‍ക്കത്തയിലെ വീട്ടിലേക്ക് പോയത്.
എന്നാല്‍, തിങ്കളാഴ്ച രാവിലെ മുതല്‍, ശരീരവേദന, അസ്വാസ്ഥ്യം, തലവേദന എന്നിവയ്‌ക്കൊപ്പം കടുത്തപനിയുമുണ്ടായി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇദ്ദേഹം കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം കൊല്‍ക്കത്തയിലെ വീട്ടിലെത്തിയതിന് ശേഷം ഹോം ക്വാറന്റൈനിലായിരുന്നുവെന്ന് യുവാവ് പറഞ്ഞു.
അതേസമയം, പശ്ചിമ ബംഗാളില്‍ ചൊവ്വാഴ്ച, 440 പുതിയ കോവിഡ് കേസുകളും 12 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ആകെ കോവിഡ് മരണസംഖ്യ 19,688 ആയി ഉയര്‍ന്നു.