വലേറ്റ: മാള്‍ട്ടയുടെ കോവിഡ് വാക്സിനേഷന് പ്രോഗ്രാമിൻറെ പ്ലാനിംഗും നടത്തിപ്പും യൂറോപ്പിലെ ഏറ്റവും മികച്ചതെന്ന് വിദഗ്ധരുടെ റിപ്പോര്‍ട്ട്. കോവിഡ് മൂന്നാം തരംഗത്തിനിടെ വാക്സിനേഷന് വിശകലനം ചെയ്യുന്ന റിപ്പോര്‍ട്ടിലാണ് മാള്‍ട്ടയുടെ വാക്സിന് മുന്നേറ്റം വെളിപ്പെടുത്തുന്നത്.
ഒന്നും രണ്ടും ഡോസുകള്‍ ഒരേസമയം നല്‍കുന്നതിനായി പുതിയ വാക്സിനേഷന് ഹബ്ബുകള്‍ തുടര്‍ച്ചയായി തുറന്നതും എല്ലാ നിര്‍മ്മാതാക്കളില്‍ നിന്നും പരമാവധി വാക്സിനേഷന് ഓര്‍ഡറുകള്‍ സ്വീകരിച്ചതുമൊക്കെയായിരുന്നു മാള്‍ട്ടയില്‍ വിജയകരമായ തന്ത്രമെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു.
സാറാ കുഷിയേരി, സ്റ്റീവ് അജിയസ്, ജോര്ജന് സൗനെസ്, ആന്ദ്രെ ബ്രിന്കാറ്റ്, വിക്ടോറിയ ഗ്രച്ച് എന്നിവരുടെ റിപ്പോര്‍ട്ടാണ് മാള്‍ട്ടയ്ക്ക് വമ്പന്‍ ലൈക്കുകള്‍ കൊടുക്കുന്നത്.
മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി എല്ലാ പ്രായക്കാരിലെ വാക്സിനേഷനിലും മാള്‍ട്ടയ്ക്ക് വിജയം നേടാനായെന്ന് സംഘം കണ്ടെത്തി.
ആസ്ട്രസെനെക വാക്സിനുമായി ബന്ധപ്പെട്ട പേടിപ്പെടുത്തുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍പ്പോലും താല്‍ക്കാലികമായി വാക്സിനേഷന് നിര്‍ത്താന്‍ മാള്‍ട്ട തയ്യാറായില്ല. ഒരു തരത്തിലുള്ള വിവാദവും മാള്‍ട്ടയിലെ വാക്സിനേഷന് ഡ്രൈവിനെ തടസ്സപ്പെടുത്തിയില്ല. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ ഉപദേശം സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോവുകയായിരുന്നു മാള്‍ട്ടയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പല യൂറോപ്യന്‍ രാജ്യങ്ങളിലും പ്രായമായവരും ദുര്‍ബല വിഭാഗങ്ങളും വാക്സിനേഷനെ നല്ല നിലയില്‍ സ്വീകരിക്കുമ്പോള്‍ യുവാക്കള്‍ വാക്സിനെടുക്കാന്‍ മടിക്കുന്നതായി ഗവേഷണം കണ്ടെത്തി. ഫ്രാന്‍സിലും ബെല്‍ജിയത്തിലും ആരോഗ്യ പരിപാലന പ്രവര്‍ത്തകര്‍ പോലും മടി കാണിക്കുന്നു. എന്നാല്‍ മാള്‍ട്ടയില്‍ സ്ഥിതി വ്യത്യസ്തമാണ്.