കിണറ്റിലകപ്പെട്ട ബാലനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 30 പേര്‍ കിണറ്റില്‍ വീണു ; മൂന്നു മരണം : രക്ഷാപ്രവര്‍ത്തനം തുടരുന്നു

General

കിണറ്റിലകപ്പെട്ട ബാലനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ 30 പേര്‍ കിണറ്റില്‍ വീണു. അപകടത്തില്‍ മൂന്ന്​ പേര്‍ മരിച്ചു. കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ഒരുമിച്ചു കൂടിയ ജനങ്ങളുടെ ഭാരം താങ്ങാന്‍ കഴിയാതെ കിണറിന്‍റെ മുകള്‍ഭാഗം തകര്‍ന്ന്​ വീണാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മധ്യപ്രദേശ് ജില്ല ആസ്​ഥാനത്ത്​ നിന്ന്​ 50 കിലോമീറ്റര്‍ അകലെ ഗഞ്ച്​ ബസോദയിലാണ്​ സംഭവം. അപകടത്തില്‍പ്പെട്ട 20 പേരെ രക്ഷപെടുത്തിയിട്ടുണ്ട്. 10 പേര്‍ ഇപ്പോഴും കിണറ്റില്‍ കുടുങ്ങിക്കിടക്കുകയാണ്​. രക്ഷപ്പെടുത്തിയവര്‍ക്ക്​ നേരിയ പരിക്കുകളുണ്ട്​. അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്​ഥരുമായി ബന്ധപ്പെടുന്നു​ണ്ടെന്നും മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്‍ സംഭവത്തില്‍ പ്രതികരിച്ചു. ഉന്നതതല അന്വേഷണത്തിന്​ ഉത്തരവിട്ട മുഖ്യമന്ത്രി അപകടത്തില്‍ പെട്ടവര്‍ക്ക്​ ഏറ്റവും മികച്ച ചികിത്സ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.