മനോജ് പാണ്ഡെ രാജ്യത്തിൻറെ പുതിയ കരസേനാ മേധാവി

Headlines India

ന്യൂഡൽഹി : ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ രാജ്യത്തിൻറെ അടുത്ത കരസേനാ മേധാവിയാകും. പുതിയ കരസേനാ മേധാവിയായി നിയമിക്കുന്നതിനുള്ള നിർദേശത്തിന് കേന്ദ്രസർക്കാർ പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ഈ മാസം ഏപ്രിൽ 30 ന് വിരമിക്കുന്ന കരസേനാ മേധാവി ജനറൽ എംഎം നരവാനെയ്ക്ക് പകരമായി അദ്ദേഹം മെയ് ഒന്നിന് ഇന്ത്യൻ കരസേനയുടെ കമാൻഡറായി ചുമതലയേൽക്കും. നിരവധി പ്രത്യേക സൈനിക നടപടികളിൽ പങ്കെടുത്തിട്ടുള്ള ലെഫ്റ്റനന്റ് ജനറൽ പാണ്ഡെ നിലവിൽ രാജ്യത്തിൻറെ ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് ആണ്.

പുതിയ കരസേനാ മേധാവിയുടെ നിയമനത്തിൽ ഇത്തവണ സീനിയോറിറ്റി മാനദണ്ഡം പാലിക്കുന്നത് ഉചിതമാണെന്ന് സർക്കാർ കണക്കാക്കുന്നു, നിലവിലെ ഉന്നത ഉദ്യോഗസ്ഥരിൽ ഏറ്റവും മുതിർന്നയാളാണ് ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ. കരസേനാ മേധാവി പദവിയിലെത്തുന്ന കോർപ്‌സ് ഓഫ് എൻജിനീയേഴ്‌സ് ബ്രാഞ്ചിലെ ആദ്യ ഉദ്യോഗസ്ഥനാണ് അദ്ദേഹം എന്നതാണ് പ്രത്യേകത.

ആർമി സ്റ്റാഫ് വൈസ് ചീഫ് ആകുന്നതിന് മുമ്പ്, ലെഫ്റ്റനന്റ് ജനറൽ പാണ്ഡെ ഈസ്റ്റേൺ കമാൻഡിൻറെ കമാൻഡിംഗ് ഓഫീസർ, ആൻഡമാൻ-നിക്കോബാർ കമാൻഡിൻറെ കമാൻഡർ-ഇൻ-ചീഫ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. സൈന്യത്തിലെ കഴിവുറ്റ ഉദ്യോഗസ്ഥരിൽ ഒരാളായി കണക്കാക്കപ്പെടുന്ന പാണ്ഡെ, സൈന്യത്തിലെ സേവനങ്ങൾക്ക് പരം വിശിഷ്ട സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ തുടങ്ങിയ ബഹുമതികൾ നേടിയിട്ടുണ്ട്.

കരസേനയുടെ 29-ാമത് മേധാവിയായി നിയമിതനായ മനോജ് പാണ്ഡെ മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിയാണ്. അദ്ദേഹത്തിൻറെ മകൻ അക്ഷയ് എയർഫോഴ്‌സിൽ ഉദ്യോഗസ്ഥനാണ്, അദ്ദേഹത്തിൻറെ സഹോദരന്മാരിൽ ഒരാളായ സങ്കേത് പാണ്ഡെ കരസേനയിൽ നിന്ന് കേണലായി വിരമിച്ചു. 1962 മെയ് 6ന് ജനിച്ച മനോജ് പാണ്ഡെയുടെ അച്ഛൻ സിജി പാണ്ഡെ നാഗ്പൂർ സർവകലാശാലയിലും അമ്മ പ്രേമ ആകാശവാണിയിലും ജോലി ചെയ്തു.