യുകെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു

Breaking News Covid UK

കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കാനൊരുങ്ങി ബ്രിട്ടണ്‍. ഒമിക്രോണ്‍ തരംഗം അതിൻറെ ഉയര്‍ന്ന നിലയിലെത്തിയതിനാലാണ് തീരുമാനമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അടുത്ത വ്യാഴാഴ്ച മുതല്‍ ഇംഗ്ലണ്ടില്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ബന്ധമുണ്ടാകില്ല. ക്ലബുകളിലും ബാറുകളിലും കയറാന്‍ കോവിഡ് പാസ് വേണ്ട. വര്‍ക്ക് ഫ്രം ഹോം സംവിധാനവും ഇനി നിലവിലുണ്ടാകില്ല.

അതേസമയം, മഹാമാരി ഒടുങ്ങിയിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒമിക്രോണ്‍ മൂലമുള്ള കോവിഡ് നിരക്ക് ഉയര്‍ന്ന നിലയിലെത്തിയതായി വിദഗ്ധര്‍ വിലയിരുത്തുന്നതു ചൂണ്ടിക്കാട്ടിയാണു ബോറിസ് ജോണ്‍സൻറെ പ്രഖ്യാപനം.

ബൂസ്റ്റര്‍ ഡോസ് ക്യാംപെയിനും വിജയം കണ്ടതായും അദ്ദേഹം പറഞ്ഞു. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനത്തിനും മൂന്നാം ഡോസ് നല്‍കി. ആകെ 3.6 കോടി ബൂസ്റ്റര്‍ ഡോസുകളാണ് വിതരണം ചെയ്തത്.

തല്‍ക്കാലം ഐസലേഷന്‍ ചട്ടങ്ങള്‍ തുടരുമെങ്കിലും മാര്‍ച്ചിനപ്പുറം നീട്ടില്ല. കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് അവസാനിപ്പിക്കുമെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.