കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെയും നിയമസഭ പാര്‍ട്ടിയുടെയും യോഗത്തില്‍ ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷവിമര്‍ശനം. തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ചതിനെതിരെ വിമര്‍ശനമുണ്ടായത്. പി.എം. സാദിഖലി ഉള്‍പ്പെടെയുള്ളവര്‍ കുഞ്ഞാലിക്കുട്ടിയുടെ നടപടി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി തുറന്നടിച്ചു.
പാര്‍ട്ടിയില്‍ നേതൃമാറ്റം അനിവാര്യമാണെന്നും കാതലായ െപാളിച്ചെഴുത്തുണ്ടാകണമെന്നും ആവശ്യമുയര്‍ന്നു. യോഗത്തിലെ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് സമര്‍പ്പിക്കാന്‍ പി.എം.എ. സലാം, കെ.പി.എ. മജീദ്, കെ. കുട്ടി അഹമ്മദ് കുട്ടി, കെ.എം. ഷാജി, ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ.എന്‍. ഷംസുദ്ദീന്‍, അബ്ദുറഹ്മാന് രണ്ടത്താണി, സി.പി. ചെറിയ മുഹമ്മദ്, പി.എം. സാദിഖലി, പി.കെ. ഫിറോസ് എന്നിവരടങ്ങുന്ന ഉപസമിതിയെ നിയമിച്ചു. ഇവരുടെ റിപ്പോര്‍ട്ടനുസരിച്ച് തുടര്‍ചര്‍ച്ച നടത്തും.
ഭരണകൂടങ്ങളുടെ ന്യൂനപക്ഷ പിന്നാക്കവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. സച്ചാര്‍ സമിതി അട്ടിമറിച്ചും സംവരണങ്ങളില്‍ വെള്ളം ചേര്‍ത്തും ജനങ്ങളെ ഭിന്നിപ്പിച്ചും കൊടിയ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെക്കാനുള്ള ശ്രമം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.എം.എ. സലാം, കെ.പി.എ. മജീദ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരം സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു.