കൊച്ചി : തൃക്കാക്കര ഉപതെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എല്‍ഡിഎഫ് നിയോഗിച്ചത് പൂഞ്ഞാറില്‍ നിന്ന് ഹൃദ്രോഗ വിദഗ്ധനെ. എറണാകുളം ലിസി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ആയ ഡോ. ജോ ജോസഫ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയാകും. 2021ലെ തെരഞ്ഞെടുപ്പില്‍ പി ടി തോമസിനെ നേരിടാന്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലെ ഡോ. ജെ. ജേക്കബിനെയായിരുന്നു നിയോഗിച്ചതെങ്കില്‍, ഇത്തവണ പി ടിയുടെ പ്രിയപത്‌നി ഉമ തോമസിനെതിരെയും ഒരു ഡോക്ടറെ തന്നെയാണ് സിപിഎം അവതരിപ്പിക്കുന്നത്.
ജില്ലാ കമ്മിറ്റി ആസ്ഥാനമായ ലെനിന്‍ സെന്ററില്‍ ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആണ് ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ സ്ഥാനാര്‍ത്ഥിയുടെ പേര് വെളിപ്പെടുത്തിയത്.
നേരെത്തെ, അഡ്വ. കെ എസ് അരുണ്‍കുമാര്‍ ആയിരിക്കും ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വാഴക്കാല സ്വദേശിയായ ഡോ. ജോ ജോസഫ് സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമാണ്. ”ഹൃദയപൂര്‍വ്വം ഡോക്ടര്‍” എന്ന പുസ്തകത്തിൻറെ രചിയിതാവാണ്. പ്രളയ കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
തൃക്കാക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ നിശ്പചിയിക്കാന്‍ അവസാന നിമിഷം വരെ ആശയക്കുഴപ്പം നിലനിന്നിരുന്നു. ജില്ലയില്‍ നിന്നുള്ള സംസ്ഥാനനേതാക്കളും ജില്ലാ കമ്മിറ്റിയും തമ്മിലുള്ള കടുത്ത അഭിപ്രായ ഭിന്നതയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം കീറാമുട്ടിയാക്കി തീര്‍ത്തത്.
മെയ് 31 -നാണ് തിരഞ്ഞെടുപ്പ്. ബുധനാഴ്ച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കും. മെയ് 11 -നാണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍.