സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി കുവൈറ്റ്

Breaking News Business Kuwait Middle East

കുവൈറ്റ് സിറ്റി : രാജ്യത്ത് വിവിധ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നു. അഡ്മിനിസ്‌ട്രേറ്റീവ്, സെക്രട്ടേറിയല്‍, ഓഫീസ് ഡോക്യുമെന്റേഷന്‍ സ്വഭാവമുള്ള ജോലികളില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിലും പ്രതിരോധ മന്ത്രാലയത്തിലും ഒരു സംവിധാനം രൂപീകരിക്കാന്‍ പാര്‍ലമെന്റിൻറെ ആഭ്യന്തര, പ്രതിരോധ സമിതി അംഗീകരിച്ചു.

ഇന്റര്‍മീഡിയറ്റ് അല്ലെങ്കില്‍ പ്രൈമറി വിദ്യാഭ്യാസത്തിൻറെ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള കുവൈറ്റികള്‍, വിരമിച്ച സിവിലിയന്മാര്‍, കുവൈറ്റില്‍ ജനിച്ചവരോ 1965 ലെ സെന്‍സസ് പ്രകാരം താമസിക്കുന്നവരോ ആയ ബെഡൗണ്‍ നിവാസികള്‍ക്ക് ആയിരിക്കും ഈ തസ്തികകളിലേക്കുള്ള നിയമനമെന്ന് അല്‍- അന്‍ബ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. എം പി മുഹല്‍ഹല്‍ അല്‍ മുദാഫ് സമര്‍പ്പിച്ച നിര്‍ദേശത്തിൻറെ അടിസ്ഥാനത്തില്‍ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കുകയും ഉചിതമായ നടപടിയെടുക്കാന്‍ ദേശീയ അസംബ്ലിക്ക് റഫര്‍ ചെയ്യുകയും ചെയ്തു.

അതേസമയം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കുവൈറ്റില്‍ നിന്നും 13,000 ത്തോളം പ്രവാസികളെ പിരിച്ചുവിട്ടതായി സിവില്‍ സര്‍വീസ് കമ്മിഷന്‍ അറിയിച്ചു. ഇതോടെവിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 79,000 ആയി.

അഞ്ച് വര്‍ഷത്തെ പദ്ധതി പ്രകാരം നടപ്പാക്കിയ കുവൈറ്റ് വത്കരണത്തെ (റെസല്യൂഷന്‍ നമ്പര്‍ 11/2017) തുടര്‍ന്ന് ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 66,000 ആയി കുറഞ്ഞു. ഓഗസ്റ്റില്‍ അവസാനിക്കുന്ന റെസല്യൂഷന്‍ നമ്പര്‍ 11/2017 മായി ബന്ധപ്പെട്ട അഞ്ച് വര്‍ഷത്തെ പദ്ധതികളുമായി ബന്ധപ്പെട്ടതിനാല്‍ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി സംഘങ്ങളുടെ പുതിയ അനുപാതങ്ങള്‍ അനുവദിക്കും. ആ മേഖലകളില്‍ പ്രവാസികള്‍ക്ക് പ്രത്യേക ജോലി ഒഴിവുകള്‍ ലഭ്യമാകുന്നിടത്തോളം റിപ്ലേസ്മെന്റ് പോളിസി തുടരും.

കൂടാതെ, കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം ഏറ്റവും കുറഞ്ഞ നിലയിലെത്തി. 19 ശതമാനത്തോളം അതായത് 140,000 തൊഴിലാളികളുടെ കുറവാണ് രാജ്യത്ത് ഉണ്ടായത്.

2019 ല്‍ 731,370 ഗാര്‍ഹിക തൊഴിലാളികള്‍ ഉണ്ടായിരുന്നത് 2021 ല്‍ 591,360 ആയി കുറഞ്ഞു. കൊവിഡ് മഹാമാരി തുടങ്ങിയപ്പോള്‍ മുതലാണ് രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുണ്ടായത്. അതേസമയം, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കുവൈറ്റിലെ തൊഴില്‍ വിപണി വിട്ടുപോയത് മൂന്ന് ലക്ഷത്തിലേറെ പ്രവാസികളെന്ന് കണക്കുകള്‍. സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻറെ (സിഎഎസ്) ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ പ്രകാരമാണിത്.