ബുര്‍ജ് ഖലീഫയിലും കുറുപ്പ് ട്രെയിലര്‍ പ്രദര്‍ശിപ്പിക്കും മലയാളത്തില്‍ ഇത് ആദ്യം

Entertainment Headlines India Movies

ദുബായിലെ ബുര്‍ജ് ഖലീഫയിലും ‘കുറുപ്പ്’ സിനിമയുടെ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിക്കും. ചിത്രത്തിലെ നായകനും നിര്‍മ്മാതാവുമായ ദുല്‍ഖര്‍ സല്‍മാനാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ബുര്‍ജ് ഖലീഫയില്‍ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡ് കൂടി സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് കുറുപ്പ്. നവംബര്‍ 10ന് രാത്രി 8നും 8:30നും ഇടയിലായിരിക്കും ചിത്രത്തിൻറെ ട്രെയ്‌ലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുക. ഈ മാസം 12ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൻറെ ട്രൈലെര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.

ഇത്തരം ഒരു മഹത്തായ കാഴ്ച സാധ്യമാക്കിയതിന് ഫാര്‍സ് ഫിലിംകോ എല്‍എല്‍സിയുടെ അഹമ്മദ് ഗോല്‍ചിനും വേഫെറര്‍ ഫിലിംസ് & എംസ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ഓവര്‍സീസ് ടീമിൻറെ തലവനായ ഷംനാദ് സിയാദിനും ദുല്‍ഖര്‍ നന്ദി അറിയിച്ചു. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ദുല്‍ഖറിൻറെ കരിയറിലെ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയാണ്. 35 കോടിയാണ് ചിത്രത്തിൻറെ നിര്‍മാണ ചെലവ്.

ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൻറെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ശോഭിത ധൂലിപാല നായികയാവുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.