വിവാദങ്ങള്‍ സൃഷ്ടിച്ചത് സിപിഎം : ചന്ദ്രിക വിവാദത്തില്‍ മൗനംവെടിഞ്ഞ് കുഞ്ഞാലിക്കുട്ടി

Politics

മലപ്പുറം: ചന്ദ്രിക വിവാദത്തില്‍ മൗനംവെടിഞ്ഞ് കുഞ്ഞാലിക്കുട്ടി. വിവാദങ്ങള്‍ സൃഷ്ടിച്ചത് സിപിഎം ആണെന്നും കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ശ്രമങ്ങളെ പാര്‍ട്ടി ഒറ്റക്കെട്ടായി ചെറുക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരിന്റെ മുസ്ലീം വിരുദ്ധ നിലപാടുകള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധം മറികടക്കാനും ശ്രദ്ധ തിരിച്ചുവിടാനും വേണ്ടിയാണ് സിപിഎം ശ്രമിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി ആരോപിക്കുന്നു.മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഇന്റലക്ച്വല്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണക്ഷത്തായാലും പ്രതിപക്ഷത്തായാലും സമൂഹത്തില്‍ വിഭാഗീയതയുണ്ടാക്കാന്‍ ലീഗ് ശ്രമിച്ചിട്ടില്ല. മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ശ്രമങ്ങളെ പാര്‍ട്ടി ഒറ്റക്കെട്ടായി ചെറുക്കും. കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ മണ്ടന്‍ നയങ്ങളാണ് നടപ്പിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ഓരോ കാര്യങ്ങളും സര്‍ക്കാരിന് അംഗീകരിക്കേണ്ടി വരുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.