കെപിഎസി ലളിത അന്തരിച്ചു

Breaking News Movies Obituary Social Media

കൊച്ചി : മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായിരുന്ന കെപിഎസി ലളിത (75) അന്തരിച്ചു. തൃപ്പൂണിത്തുറയിലുള്ള, മകൻറെ ഫ്‌ലാറ്റില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.

നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2 തവണ ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കെ എസ് സേതുമാധവൻറെ കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പഴ്‌സനായിരുന്നു. അന്തരിച്ച സംവിധായകന്‍ ഭരതനായിരുന്നു ഭര്‍ത്താവ്. നടന്‍ സിദ്ധാര്‍ത്ഥ് അടക്കം രണ്ട് മക്കള്‍ ആണുള്ളത്.

മഹേശ്വരിയമ്മ എന്നാണ് കായംകുളത്ത് ജനിച്ചുവളര്‍ന്ന ലളിതയുടെ യഥാര്‍ത്ഥ പേര്. പത്തു വയസ്സ് മുതല്‍ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി. ‘ഗീതയുടെ ബാലി’ എന്ന നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് പ്രശസ്ത നാടകഗ്രൂപ്പായ കെപിഎസിയില്‍ ചേര്‍ന്നു. അതോടെ മഹേശ്വരിയമ്മ കെപിഎസി ലളിതയെന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി.

ഭരതന്‍ ചിത്രമായ അമരത്തിലെ കഥാപാത്രത്തിന് 1991 ലും ജയരാജ് ചിത്രം ശാന്തത്തിലെ അഭിനയത്തിന് 2000 ലും മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 1975 (നീലപ്പൊന്മാന്‍), 1978 (ആരവം), 1990 (അമരം), 1991 (കടിഞ്ഞൂല്‍ കല്യാണം, ഗോഡ്ഫാദര്‍, സന്ദേശം) എന്നീ വര്‍ഷങ്ങളില്‍ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ടെലിവിഷന്‍ പരമ്പരകളിലും അഭിനിയിച്ചിട്ടുണ്ട്.

നീലപൊന്മാന്‍, സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൊടിയേറ്റം, അമരം, ശാന്തം, ഗോഡ്ഫാദര്‍, സന്ദേശം, മീനമാസത്തിലെ സൂര്യന്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സ്ഫടികം, കാട്ടുകുതിര, കനല്‍ക്കാറ്റ്, വിയറ്റ്‌നാം കോളനി, മണിച്ചിത്രത്താഴ്, വെങ്കലം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.