ആയുര്‍വേദാചാര്യന്‍ പത്മഭൂഷണ്‍ ഡോ. പികെ വാരിയര്‍ അന്തരിച്ചു. 100 വയസ്സായിരുന്നു. കോട്ടക്കലെ വസതിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ മാത്രമല്ല, ആയുര്‍വേദത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്. ഇക്കഴിഞ്ഞ ജൂണ്‍ എട്ടാം തീയ്യതിയാണ് അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിച്ചത്.
പന്നിയമ്ബള്ളി കൃഷ്ണന്‍ കുട്ടി വാരിയര്‍ എന്ന പേര് പികെ വാരിയര്‍ എന്ന് ചുരുങ്ങിയപ്പോള്‍ വികസിച്ചത് ആയുര്‍വേദവും കോട്ടക്കല്‍ ആര്യ വൈദ്യശാലയുമാണ്. ഇന്ന് ആയുര്‍വേദം എന്നാല്‍ കോട്ടക്കലും, കോട്ടക്കല്‍ എന്നാല് പികെ വാരിയറുമാണ്. 1921 ല്‍ ജനനം. അച്ഛന്‍ കോടി തലപ്പണ ശ്രീധരന്‍ നമ്ബൂതിരി, അമ്മ പാര്‍വതി വാരസ്യാര്‍ എന്ന കുഞ്ചി. അമ്മാവന്‍ വൈദ്യരത്നം പിഎസ് വാരിയര്‍. ആയുര്‍വേദത്തിന്റെ തലവര തന്നെ മാറ്റി എഴുതിയ പികെ വാരിയര്‍, 1954 മുതല്‍ കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റി സ്ഥാനത്ത് തുടരുകയായിരുന്നു.
കോട്ടക്കല്‍ കിഴക്കേ കോവിലകം വക കെ.പി സ്‌കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളിലൂം കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളിലുമായി തുടര്‍ വിദ്യാഭ്യാസം. പിന്നീട് കോട്ടക്കല്‍ ആയുര്‍വേദ പാഠശാലയില്‍ ‘ആര്യവൈദ്യന്‍’ കോഴ്‌സിന് പഠിച്ചു. ആയുര്‍വേദ പഠന സമയത്ത് നാട്ടില്‍ സ്വാതന്ത്ര്യസമരം ശക്തമായിരുന്നു. കോളജും കോടതികളും വിട്ട് സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളാവാന്‍ മഹാത്മഗാന്ധി ആഹ്വാനം ചെയ്ത അക്കാലത്ത് എന്‍.വി. കൃഷ്ണന്‍കുട്ടി വാര്യര്‍ക്കൊപ്പം 1942ല്‍ കോളജ് വിട്ട് സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായി. 1945ല്‍ വൈദ്യപഠനം പൂര്‍ത്തിയാക്കി.
ആയുര്‍വേദത്തിന്റെ അടിസ്ഥാന സത്തകള്‍ നില നിര്‍ത്തിക്കൊണ്ട് തന്നെ ആധുനികവല്‍ക്കരണത്തെ ഒപ്പം കൂട്ടി പികെ വാരിയര്‍. ആധുനിക മരുന്ന് നിര്‍മ്മാണ പ്ലാന്റുകളില്‍ നിന്ന് കഷായവും തൈലവും ഭസ്മങ്ങളും ഗുളികയും ജെല്ലും ക്യാപ്‌സ്യൂളും ഒക്കെ ആയി വിപണിയില്‍ എത്തി. കഴിക്കുന്നവരുടെ സൗകര്യം കൂടി പരിഗണിച്ച് എന്നാല് മരുന്നുകളുടെ നിലവാരം ഉറപ്പ് വരുത്തി ആയിരുന്നു ഈ തീരുമാനം. കോട്ടക്കലിന് പുറമെ കേരളത്തിലെ വിവിധ നഗരങ്ങളിലും ഡല്‍ഹി, മുംബൈ, ബാംഗളൂര്‍ തുടങ്ങി രാജ്യത്തെ പ്രധാന ഇടങ്ങളിലും ആയുര്‍വേദ ആശുപത്രികള്‍ തുടങ്ങി.
ഗവേഷണങ്ങള്‍ നടത്തി സ്വയം നവീകരിച്ച് ആയുര്‍വേദത്തെ കാലാനുസൃതമായി നിലനിര്‍ത്തുന്നതിലും പി കെ വാര്യരുടെ ദീര്‍ഘദര്‍ശനം തന്നെ തെളിഞ്ഞു.പികെ വാരിയരുടെ കാന്‍സര്‍ ചികിത്സ ഒട്ടേറെ പേര്‍ക്ക് ആണ് ആശ്വാസം ആയത്. കവയിത്രി കൂടിയായ ഭാര്യ മാധവിക്കുട്ടി 1997 ല്‍ അന്തരിച്ചു. മക്കള്‍ ഡോ.കെ.ബാലചന്ദ്ര വാരിയര്‍, അന്തരിച്ച കെ.വിജയന്‍ വാരിയര്‍, സുഭദ്രാ രാമചന്ദ്രന്‍. 1999 ല്‍ പത്മശ്രീ, 2010 ല്‍ പത്മഭൂഷണ്‍, കൂടാതെ നിരവധി അവാര്‍ഡുകളും ഈ മഹാവൈദ്യപ്രതിഭയെ തേടിവന്നിട്ടുണ്ട്.
ആയുര്‍വേദ ചികിത്സക്കും ഗവേഷണത്തിനുമുള്ള രാജ്യത്തെതന്നെ ആദ്യ കേന്ദ്രമാക്കി കോട്ടക്കല്‍ ആര്യവൈദ്യശാലയെ മാറ്റിയെടുത്ത ഡോ. പി.കെ. വാര്യര്‍ പാരമ്ബര്യ വിധികളില്‍നിന്ന് വ്യതിചലിക്കാതെതന്നെ ശാസ്ത്ര സാങ്കേതിക വിദ്യകളെക്കൂടി കൂട്ടുപിടിച്ച് ആയുര്‍വേദ കേരളത്തിന്റെ ‘തലസ്ഥാന’മാക്കി കോട്ടക്കലിനെ മാറ്റുകയായിരുന്നു. ആയുര്‍വേദ രംഗത്തെ കോര്‍പറേറ്റ് മത്സരങ്ങള്‍ക്കിടയിലും പരസ്യവാചകങ്ങളൊന്നുമില്ലാതെ തന്നെ ഒരു ട്രസ്റ്റ് ആയി ഇന്നും നിലനില്‍ക്കുന്നു കോട്ടക്കല്‍ ആര്യവൈദ്യശാല.
‘സ്മൃതിപര്‍വം’ അദ്ദേഹത്തിന്റെ ആത്മകഥയാണ്. ആത്മകഥക്ക് 2009ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമായ ‘പാദമുദ്രകള്‍’ പോലെ മറ്റു പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. പല അക്കാദമിക് കൗണ്‍സിലുകളിലും അംഗമായി. ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഗ്രസിന്റെ പ്രസിഡന്റായി രണ്ടുതവണ അദ്ദേഹം സേവനമനുഷ്ഠിച്ചു.