തിരുവനന്തപുരം : 52-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ‘ആവാസവ്യൂഹം’ തിരഞ്ഞെടുക്കപ്പെട്ടു. ബിജു മേനോന്, ജോജു ജോര്‍ജ് എന്നിവര്‍ മികച്ച നടനുള്ള പുരസ്ക്കാരം പങ്കിട്ടു. രേവതിയാണ് മികച്ച നടി. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ‘ഹൃദയം’ ആണ് ജനപ്രിയ ചിത്രം. സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
‘ആര്‍ക്കറിയാം’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ബിജു മേനോന് അവാര്‍ഡ് ലഭിച്ചതെങ്കില്‍ ‘മധുരം’, ‘നായാട്ട്’ എന്നീ സിനിമകളാണ് ജോജുവിന് പുരസ്കാര നേട്ടം സമ്മാനിച്ചത്. ‘ഭൂതകാലം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് രേവതിക്ക് പുരസ്ക്കാരം ലഭിച്ചത്.
‘ജോജി’ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം ദിലീഷ് പോത്തന് സ്വന്തമാക്കി. ജിയോ ബേബിയുടെ ‘ഫ്രീഡം ഫൈറ്റ്’ മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടി .
142 സിനിമകള്‍ മത്സരത്തിനെത്തിയതില്‍ നിന്നും 45ഓളം ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് മുന്നില്‍ എത്തിയത്. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സയാണ് ഇത്തവണത്തെ ജൂറി ചെയര്മാന്.