‘മൊഴി വ്യാജമെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി നിയമവഴി തിരഞ്ഞെടുക്കുന്നില്ല ?’ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു…

Breaking News Kerala Politics

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിൻറെ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തെ വിവിധ കളക്ടറേറ്റുകളിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കോട്ടയം, കൊല്ലം, കണ്ണൂര്‍, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകളിലാണ് സംഘര്‍ഷം രൂക്ഷമാകുന്നത്.

സമരം നടത്തിയാല്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എതിരെ നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ ശരിയായ അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ നിന്ന് പൂജപ്പുരയിലേക്ക് പോകേണ്ടിവരുമെന്നാണ് ചെന്നിത്തല പറഞ്ഞത്. മുഖ്യമന്ത്രി സ്വര്‍ണക്കടത്തിൻറെ ക്യാപ്റ്റനാണെന്നും സംസ്ഥാന വ്യാപകമായുള്ള കോണ്‍ഗ്രസിൻറെ കളക്ടറേറ്റ് മാര്‍ച്ചിനെ തുടര്‍ന്ന് സംസാരിക്കുകയായിരുന്ന അദ്ദേഹം പറഞ്ഞു.

അതേസമയം, കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിനെ തുടര്‍ന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ സര്‍ക്കാര്‍ വിരട്ടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മൊഴി വ്യാജമാണെങ്കില്‍ അതിനെ നേരിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ടാണ് നിയമമാര്‍ഗം സ്വീകരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

164 സ്റ്റേറ്റ്മെന്റില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ മൊഴി നല്‍കിയ ആള്‍ക്ക് ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കും. രാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ക്കെതിരെ ആരെങ്കിലും വ്യാജ ആരോപണം ഉന്നയിച്ചാല്‍ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കാവുന്നതാണ്. അതിലും പ്രതിക്ക് ശിക്ഷ ലഭിക്കും. എന്നാല്‍ ഈ മാര്‍ഗങ്ങള്‍ ഒന്നും മുഖ്യമന്ത്രി സ്വീകരിക്കാത്തത് അതിശയകരമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ് മൊഴിയിലുളളതെന്നും ഇനി ആരും ഇത്തരത്തില്‍ മൊഴി കൊടുക്കാതിരിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.