മഡ്ഗാവ് : ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് – ഈസ്റ്റ് ബംഗാള്‍ മത്സരം സമനിലയില്‍ കലാശിച്ചു . ഓരോ ഗോള്‍ വീതം നേടി ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞങ്കിലും മത്സരത്തില്‍ പന്തടക്കത്തിലും പാസിങ്ങിലും മേധാവിത്വം പുലര്‍ത്തിയത് ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു. ബ്ലാസ്റ്റേഴ്‌സിനായി സ്പാനിഷ് താരം ആല്‍വാരോ വാസ്‌കസും ഈസ്റ്റ് ബംഗാളിനായി ടോമിസ്ലാവും ഓരോ ഗോള്‍ നേടി.
മത്സരത്തിലുടനീളം മേധാവിത്വം പുലര്‍ത്തിയ മഞ്ഞപ്പടയ്ക്ക് 15-ാം മിനിറ്റില്‍ നേടിയ ഗോള്‍ റഫറി നിഷേധിച്ചതും തിരിച്ചടിയായി.മത്സരത്തില്‍ മികച്ച തുടക്കമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. ആദ്യ പകുതിയില്‍ ലഭിച്ച ആദ്യ അവസരത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിൻറെ ഗോള്‍പോസ്റ്റിലേക്ക് പന്തെത്തിച്ച് ലീഡ് നേടിയെങ്കിലും റഫറിയുടെ വിവാദപരമായ തീരുമാനത്തില്‍ കേരളത്തിന് ഗോള്‍ നിഷേധിക്കുകയായിരുന്നു ഉണ്ടായത്.
15-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിൻറെ സ്പാനിഷ് താരം അല്‍വാരോ വാസ്‌കസാണ് ആദ്യ ഗോള്‍ നേടിയത് . എന്നാലിത് റഫറി നിഷേധിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സിൻറെ മധ്യനിര താരം പൂട്ടിയ എടുത്ത ഷോട്ട് ഈസ്റ്റ് ബംഗാള്‍ താരത്തിൻറെ കയ്യില്‍ തട്ടിയ ഉടനെ റഫറി ഫൗള്‍ വിളിച്ചെങ്കിലും പന്ത് ലഭിച്ച വാസ്‌കസ് ഈസ്റ്റ് ബംഗാള്‍ താരങ്ങളെ മറികടന്ന് പന്ത് വലയിലെത്തിച്ചു. ഫൗള്‍ വിളിച്ച റഫറി ബ്ലാസ്റ്റേഴ്‌സിന് ഗോള്‍ അനുവദിച്ചെങ്കിലും ഈസ്റ്റ് ബംഗാള്‍ താരങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് റഫറി പിന്നീട് ബ്ലാസ്റ്റേഴ്‌സിന് ഗോള്‍ നിഷേധിക്കുകയായിരുന്നു. ഗോള്‍ ആകും മുമ്പ് റഫറി വിസില്‍ വിളിച്ചു എന്നതാണ് ഗോള്‍ നിഷേധിക്കാനുള്ള കാരണം. തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
അഞ്ച് മത്സരങ്ങളില്‍ നിന്നും ഒരു ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമടക്കം ആറ് പോയിന്റോടെ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുന്നു. ആറ് മത്സരങ്ങളില്‍ നിന്നും മൂന്ന് വീതം സമനിലയും തോല്‍വിയുമായി മൂന്ന് പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ്.
വെള്ളിയാഴ്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് ഈസ്റ്റ് ബംഗാളിൻറെ അടുത്ത മത്സരം. അതേസമയം 19ന് കരുത്തരായ മുംബൈ സിറ്റി എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിൻറെ എതിരാളികള്‍.