പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീണില്‍ മലയാളികളുടെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യജയം. ഒഡിഷ എഫ് സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കേരളത്തിൻറെ മഞ്ഞപ്പട പരാജയപ്പെടുത്തിയത്. കളിച്ച നാലാമത്തെ മത്സരത്തിലാണ് സീസണിലെ ആദ്യജയം ബ്ലാസ്റ്റേഴ്‌സ് നേടിയത്. കേരളത്തിനായി മലയാളി താരം കെ പ്രശാന്ത്, സ്പാനിഷ് താരം ആല്‍വാരോ വാസ്‌കസ് എന്നിവര്‍ ഗോളുകള്‍ നേടി. നിഖില്‍ രാജ് ആണ് ഒഡിഷയ്ക്കായി ഗോള്‍ നേടിയത്.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. 62-ാം മിനുട്ടില്‍ വാസ്‌കസിലൂടെയായിരുന്നു കേരളത്തിൻറെ ഗോള്‍. മൈതാനമധ്യത്തില്‍ നിന്നും അഡ്രിയാന്‍ ലൂണ നല്‍കിയ പന്ത് ഓഫ്‌സൈഡില്‍ കുടുങ്ങാതെ കാലിലൊതുക്കിയ വാസ്‌കസ് ഒഡീഷ ഗോള്‍കീപ്പറെ മറികടന്നുകൊണ്ടായിരുന്നു ആ ഗോള്‍ നേടിയത്. തുടര്‍ന്ന് കൂടുതല്‍ ആത്മവിശാസത്തോടെ ഒഡീഷയുട ഗോള്‍മുഖത്തേക്ക് ആക്രമിച്ചുകയറുന്ന ബ്ലാസ്റ്റേഴ്‌സിനെയും മൈതാനത്ത് കാണാന്‍ കഴിഞ്ഞു. പകരക്കാരനായെത്തിയ പ്രശാന്തിലൂടെ മത്സരത്തിൻറെ 85-ാം മിനിറ്റില്‍ കേരളം രണ്ടാം ഗോളും ഒഡീഷയുടെ വലയിലേക്കെത്തിച്ചു. ഈ ഗോളിനും വഴിയൊരുക്കിയത് ലൂണയായിരുന്നു. രണ്ട് അസിസ്റ്റുകളുമായി കളം നിറഞ്ഞാടിയ ലൂണ തന്നെയാണ് കളിയിലെ താരം.
ഇന്നലത്തെ വിജയത്തോടെ അഞ്ച് പോയിന്റുകളുമായി നിലവില്‍ ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഇതിനു മുന്‍പ് കളിച്ച മൂന്ന് മത്സരങ്ങളില്‍ ഒരു പരാജയവും, രണ്ട് സമനിലകളുമായിരുന്നു ബ്ലാസ്റ്റേഴ്‌സ് നേടിയത്.