തിരുവനന്തപുരം : കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേയും റാപിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിരക്ക് കുറയ്ക്കാന്‍ തീരുമാനം. 1,200 രൂപയാക്കിയാണ് കുറച്ചത്. നേരത്തെ 2,490 രൂപ വരെയായിരുന്നു പരിശോധനയ്ക്ക് ഈടാക്കിയിരുന്നത്. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം എടുത്തത്. വിമാനത്താവളത്തിലെ ഉയര്‍ന്ന റാപിഡ് പരിശോധന നിരക്കിനെതിരെ വ്യാപക പരാതികള്‍ ഉണ്ടായിരുന്നു. പുതിയ കോവിഡ് ടെസ്റ്റ് കിറ്റ് വരുന്നതോടെ നിരക്ക് ഇനിയും കുറഞ്ഞേക്കുമെന്നാണ് മൈക്രോ ഹെല്‍ത്ത് ലാബ് അധികൃതര്‍ പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻറെ യു.എ.ഇ സന്ദര്‍ശനത്തിനിടയിലും പ്രവാസി സംഘടനകള്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു.
സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്ക് പുനഃക്രമീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആര്‍ടിപിസിആര്‍ നിരക്ക് 500ല്‍ നിന്ന് 300 -ലേക്ക് കുറച്ചു. ആന്റിജന്‍ ടെസ്റ്റ് നിരക്ക് 100 രൂപയായും കുറച്ചു.
പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും പുതിയ നിരക്ക് പ്രഖ്യാപിച്ചു. പിപിഇ കിറ്റ് ഒരു യൂണിറ്റിന് എക്‌സ്.എല്‍. സൈസിന് 154 രൂപയും ഡബിള്‍ എക്‌സ്.എല്‍. സൈസിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ തുക. എക്‌സ്.എല്‍., ഡബിള്‍ എക്‌സ്.എല്‍. സൈസിന് ഉയര്‍ന്ന തുക 175 രൂപയാണ്. എന്‍ 95 മാസ്‌ക് ഒരെണ്ണത്തിന് കുറഞ്ഞ തുക 5.50 രൂപയും ഉയര്‍ന്ന തുക 15 രൂപയുമാണ്. അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.