ചാനല്‍ ചര്‍ച്ചയിലെ ‘ബയോ വെപ്പണ്‍’ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര സംവിധായിക ഐഷ സുല്‍ത്താനയെ കവരത്തി പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കവരത്തി എസ്.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കാക്കനാട്ടെ ഐഷയുടെ ഫ്‌ളാറ്റിലെത്തിയാണു ചോദ്യം ചെയ്യുന്നത്.
ഇത് നാലാം തവണയാണ് ഐഷ സുല്‍ത്താനയെ പൊലീസ് ചോദ്യം ചെയ്യുന്നത്. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹാജരായ ഐഷയെ നേരത്തെ മൂന്നു തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നു ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഐഷ സമര്‍പ്പിച്ച ഹര്‍ജിയിലാണു ചോദ്യം ചെയ്യലിനു കവരത്തി പൊലീസിനു മുന്‍പാകെ ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചത്. അറസ്റ്റ് ചെയ്താല്‍ കസ്റ്റഡിയില്‍ വയ്ക്കരുതെന്നും ജാമ്യം നല്‍കണമെന്നും കോടതി പൊലീസിനു നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഒരാഴ്ചയ്ക്കുശേഷം ഐഷയുടെ മുന്‍കൂര്‍ ജാമ്യം കോടതി സ്ഥിരപ്പെടുത്തി.
കവരത്തി പൊലീസ് ചുമത്തിയ രാജ്യദ്രോഹക്കുറ്റം പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി ഐഷയെ അറസ്റ്റ് ചെയ്താല്‍ അന്‍പതിനായിരം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യത്തിലും വിട്ടയയ്ക്കണമെന്നാണ് ഉത്തരവിട്ടത്. ഐഷയുടെ പരാമര്‍ശം സമൂഹത്തില്‍ സംഘര്‍ഷത്തിന് വഴിവച്ചതായോ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷത്തിനോ അകല്‍ച്ചയ്ക്കോ കാരണമായതായി കാണുന്നില്ലെന്നു മുന്‍കൂര്‍ ജാമ്യം സ്ഥിരപ്പെടുത്തിക്കൊണ്ട് കോടതി പറഞ്ഞു.
ഹര്‍ജിക്കാരി ഖേദം പ്രകടിപ്പിച്ചിട്ടുണ്ടന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രതിക്കു ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അന്വേഷണവുമായി സഹകരിച്ചെന്നും ജസ്റ്റിസ് അശോക് മേനോന്‍ ഉത്തരവില്‍ പറഞ്ഞു.
അതേസമയം, രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന ഐഷയുടെ ആവശ്യം ജൂലൈ രണ്ടിനു ഹൈക്കോടതി തള്ളിയിരുന്നു. കേസ് പ്രാരംഭഘട്ടത്തിലാണെന്നും അന്വേഷണത്തിന് കൂടുതല്‍ സമയമെടുക്കേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇടക്കാല സ്റ്റേ എന്ന ഐഷയുടെ ആവശ്യവും കോടതി നിരസിച്ചിരുന്നു.
വിവാദമായ ബയോ വെപ്പണ്‍ പരാമര്‍ശത്തില്‍ ലക്ഷദ്വീപിലെ ബിജെപി ഘടകമാണ് ഐഷയ്ക്കെതിരെ കവരത്തി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. സാമ്ബത്തിക ഇടപാടുകളെക്കുറിച്ചും വിദേശബന്ധങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളാണ് കവരത്തിയില്‍ നടന്ന ചോദ്യം ചെയ്യലില്‍ ഐഷയില്‍നിന്നു പ്രധാനമായും പൊലീസ് തേടിയത്.