കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ നാല് പ്രധാന പ്രതികള്‍ അറസ്റ്റില്‍

Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ നാല് പ്രധാന പ്രതികള്‍ അറസ്റ്റില്‍. ബാങ്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരായിരുന്ന ബിജു കരീം, ബിജോയ്, സുനില്‍ കുമാര്‍ ജില്‍സ് എന്നിവരെ തൃശൂരില്‍ നിന്നാണ് അന്വേഷണ സംഘം പിടിച്ചത്. കരുവന്നൂര്‍ ബാങ്ക് മാനേജരായിരുന്നു ബിജു കരീം, സുനില്‍ കുമാര്‍ സെക്രട്ടറിയും, ജില്‍സ് ബാങ്കിന്റെ ചീഫ് അക്കൗണ്ടന്റും, ബിജോയ് കമ്മീഷന്‍ ഏജന്റുമാണ്.

അതിനിടെ കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസിലെ ആറ് പ്രതികളുടെ വീടുകളില്‍ ക്രൈം ബ്രാഞ്ച് തെരച്ചിലില്‍ നടത്തി. റെജി അനില്‍ കുമാര്‍, കിരണ്‍, ബിജു, കരീം, ബിജോയ് എ.കെ., ടി.ആര്‍. സുനില്‍ കുമാര്‍, സി.കെ. ജില്‍സ് എന്നിവരുടെ ഇരിങ്ങാലക്കുട, പൊറത്തിശേരി, കൊരുമ്ബിശേരി എന്നിവിടങ്ങളില്‍ വീടുകളിലാണ് പരിശോധന നടത്തിയത്. ഭൂമിയുടെയും നിക്ഷേപത്തിന്റേയും രേഖകള്‍ക്കായാണ് അന്വേഷണ സംഘം പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തിയത്.

കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതികളായ സിപിഎം അംഗങ്ങള്‍ക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി അടിയന്തിര യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ സാന്നിധ്യത്തിലായിരിക്കും യോഗം. കരുവന്നൂര്‍ ബാങ്ക് വായ്പ്പ തട്ടിപ്പ് കേസിലെ പ്രതികളായ സിപിഎം അംഗങ്ങള്‍ക്കെതിരായ നടപടിയും ചര്‍ച്ച ചെയ്യും.

ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ബാങ്ക് സെക്രട്ടറി ടി.ആര്‍. സുനില്‍കുമാറും ബാങ്ക് മാനേജര്‍ ബിജു കരീമും ഉള്‍പ്പെടെ ആറു പേരാണ് കേസിലെ പ്രതികള്‍. ചീഫ് അക്കൗണ്ടന്റ് സി.കെ. ജില്‍സും പാര്‍ട്ടി അംഗമാണ്. ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.