കരമനയില്‍ മീന്‍തട്ടിത്തെറിപ്പിച്ചത് മരിയ പുഷ്പം തന്നെയെന്നു പോലീസിന്റെ റിപ്പോര്‍ട്ട്‌

Kerala

കരമന : ബുധനാഴ്ചയാണ് വലിയതുറ സ്വദേശിനി മരിയ പുഷ്പത്തിന്റെ മീനും പാത്രവും കരമന പൊലീസ് തട്ടിത്തെറിപ്പിച്ചായി ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് ഇവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വിവാദമാകുകയായിരുന്നു.

പൊലീസിനെ കുറ്റപ്പെടുത്തിയും ഇവര്‍ക്ക് പിന്തുണയും നല്‍കിയും നാട്ടുകാരുമെത്തിയതോടെ പ്രതിഷേധം ശക്തമായി. ഒടുവില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്‌താണ് പ്രശ്നം പരിഹരിച്ചത്. മരിയപുഷ്പത്തിനെതിരെ കേസെടുത്തിട്ടില്ലെന്നും കരമന പൊലീസ് പറഞ്ഞിരുന്നു.

അതേസമയം മരിയ പുഷ്പം മീനും പാത്രവും സ്വയം തട്ടിത്തെറിപ്പിച്ചതാണെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. മാറിയിരുന്ന് കച്ചവടം നടത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിന്റെ ദേഷ്യത്തില്‍ ഇവര്‍ മനപൂര്‍വം മീന്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നെന്നാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ട് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. ഷാജി സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യയ്ക്ക് കൈമാറി. സംഭവം കണ്ടുനിന്ന മൂന്നുപേരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സമീപത്തെ സി.സി ടിവി പരിശോധിച്ച ശേഷമാണ് സ്ഥലത്തുണ്ടായിരുന്നവരെ കണ്ടെത്തി പൊലീസ് മൊഴി രേഖപ്പെടുത്തിയത്.

പൊലീസുകാര്‍ ജിപ്പില്‍ നിന്ന് ഇറങ്ങിയിട്ടില്ലെന്നും വാഹനത്തില്‍ ഇരുന്നുകൊണ്ട് മരിയ പുഷ്പത്തോട് സംസാരിക്കുകയാണുണ്ടായതെന്നും ദൃക്‌സാക്ഷികള്‍ മൊഴിയില്‍ പറയുന്നു. ജീപ്പ് പാലത്തില്‍ നിറുത്തുന്നതും സെക്കന്‍ഡുകള്‍ക്കകം പോകുന്നതുമായ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.