കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസിലെ പ്രതി അമ്മ രേഷ്‌മയെ ജയിലിലെത്തി പൊലീസ് ചോദ്യം ചെയ്‌തു. ഫേസ്ബുക്ക് കാമുകന്‍ ചമഞ്ഞ് ബന്ധുക്കളായ ആര്യയും ഗ്രീഷ്‌മയും കബളിപ്പിക്കുകയായിരുന്നു എന്നറിഞ്ഞ രേഷ്‌മ ഞെട്ടി.
ഗ്രീഷ്‌മയുടെ ആണ്‍സുഹൃത്തിനെപ്പറ്റി ഭര്‍ത്താവ് വിഷ്‌ണുവിനോടും മറ്റ് ബന്ധുക്കളോടും പറഞ്ഞിരുന്നു. അതിലുള്ള വൈരാഗ്യമാകാം തന്നെ കബളിപ്പിക്കാന്‍ കാരണമെന്നാണ് രേഷ്‌മ പൊലീസിന് മൊഴി നല്‍കിയത്. ഫേസ്ബുക്ക് കാമുകന്‍ വ്യാജമാണെന്ന പൊലീസ് വാദം ആദ്യം സമ്മതിക്കാന്‍ രേഷ്‌മ കൂട്ടാക്കിയിരുന്നില്ല. തനിക്ക് അനന്തു എന്ന കാമുകനുണ്ടായിരുന്നു എന്ന് രേഷ്‌മ പൊലീസിനോട് ആവര്‍ത്തിച്ചു.
കാമുകനെ കാണാന്‍ താന്‍ വര്‍ക്കലയില്‍ പോയിരുന്നു. അതിനുശേഷമായിരിക്കാം ആര്യയും ഗ്രീഷ്‌മയും ചേര്‍ന്ന് തന്നെ കബളിപ്പിക്കാന്‍ തുടങ്ങിയതെന്നും രേഷ്‌മ പറഞ്ഞു. തുടര്‍ന്ന് തെളിവുകള്‍ സഹിതം പൊലീസ് ഇക്കാര്യം വിശദീകരിച്ചപ്പോഴാണ്, ഗ്രീഷ്‌മയുടെ ആണ്‍സുഹൃത്തിനെ കുറിച്ച് വീട്ടില്‍ പറഞ്ഞതിലുള്ള പകയാകാം കബളിപ്പിക്കലിന് കാരണമെന്ന് രേഷ്‌മ വ്യക്തമാക്കിയത്. ഗര്‍ഭിണി ആയിരുന്ന കാര്യം ചാറ്റില്‍ സൂചിപ്പിച്ചിരുന്നില്ലെന്നാണ് രേഷ്‌മ പൊലീസിനോട് പറഞ്ഞത്.
രേഷ്‌മയുടെ ഭര്‍ത്താവിന്‍റെ സഹോദരിയുടെ മകളാണ് ഗ്രീഷ്‌മ. ആര്യ രേഷ്‌മയുടെ ഭര്‍ത്താവിന്‍റെ സഹോദരഭാര്യയുമാണ്. പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ ഇരുവരും ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.