വിഖ്യാത ഗായകന്‍ ജസ്റ്റിന്‍ ബീബറിൻറെ മുഖത്തിൻറെ വലതുഭാഗത്തിന് ചലന ശേഷി നഷ്ടപ്പെട്ടു. വൈറസ് ബാധയെ തുടര്‍ന്നാണിതെന്ന് ഗായകന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ വെളിപ്പെടുത്തിയത്. റാംസെ ഹണ്ട് സിന്‍ഡ്രോമാണ് ഇദ്ദേഹത്തിനെന്നാണ് വെളിപ്പെടുത്തല്‍.
സാധാരണയായി ചിക്കന്‍പോക്‌സ് ബാധിച്ചവരിലാണ് ഈ സിന്‍ഡ്രോം ഉണ്ടാകുന്നത്. രോഗബാധയെ തുടര്‍ന്ന് നിലവില്‍ ജസ്റ്റിസ് വേള്‍ഡ് ടൂറിലുള്ള ഗായകന്‍ ടൊറന്റോ കണ്‍സേര്‍ട്ട് തീയതികള്‍ മാറ്റിയിരുന്നു. മുഖത്തിൻറെ വലതുഭാഗത്ത് പൂര്‍ണ്ണമായ പക്ഷാഘാതം അനുഭവപ്പെടുന്നതായി ജസ്റ്റിന്‍ ബീബര്‍ അറിയിക്കുന്നു.
മാസങ്ങള്‍ക്കു മുമ്പ് ഇദ്ദേഹത്തിൻറെ ഭാര്യ ഹെയ്‌ലി ബീബറുടെ ഹൃദയത്തിലെ ദ്വാരം കണ്ടതിനെ തുടര്‍ന്ന് ചികില്‍സ നടത്തിയിരുന്നു. പക്ഷാഘാതം പോലുള്ള ലക്ഷണങ്ങളുമായാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
”ഹായ്, എൻറെ മുഖത്ത് കാണുന്നത് പോലെ, എനിക്ക് റാംസെ ഹണ്ട് സിന്‍ഡ്രോം ബാധിച്ചിരിക്കുകയാണ്. ഈ വൈറസുകള്‍ ചെവിയിലെയും മുഖത്തേയും ഞരമ്പുകളെ ആക്രമിച്ചു. മുഖത്ത് പക്ഷാഘാതം സംഭവിച്ചു”.
”കണ്ണ് ചിമ്മാന്‍ കഴിയുന്നില്ല (ബീബര്‍ വലത് കണ്ണിലെ ചലനക്കുറവ് കാണിച്ചുകൊണ്ട് പറയുന്നു). ഒരു ഭാഗം കൊണ്ട് പുഞ്ചിരിക്കാന്‍ സാധിക്കുന്നില്ല. നാസാരന്ധ്രവും ചലിക്കുന്നില്ല. ശാരീരികമായി കഴിയാത്തതിനാലാണ് പ്രോഗ്രാമുകള്‍ റദ്ദാക്കിയത് ”
”വളരെ ഗുരുതരമാണ് സ്ഥിതി. അങ്ങനെയല്ലായിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കുന്നു. നിങ്ങള്‍ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിശ്രമിക്കാനും നൂറു ശതമാനമായി തിരിച്ചെത്താനും ഈ സമയം ഉപയോഗിക്കും. മുഖം സാധാരണ നിലയിലാക്കാന്‍ വ്യായാമങ്ങളൊക്കെ ചെയ്യുന്നുണ്ട്. സാധാരണ നിലയില്‍ തിരിച്ചെത്തും,” ബീബര്‍ ആരാധകര്‍ക്ക് ഉറപ്പു നല്‍കുന്നു.