ജൂനിയര്‍ ആരോഗ്യ മന്ത്രി ഫ്രാങ്ക് ഫെയ്ഗന് കോവിഡ് സ്ഥിരീകരിച്ചു

Covid Europe Headlines

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ജൂനിയര്‍ ആരോഗ്യ മന്ത്രി ഫ്രാങ്ക് ഫെയ്ഗന് കോവിഡ് പോസിറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പിസിആര്‍ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞത്.

പൊതുജനാരോഗ്യം, ക്ഷേമം, ദേശീയ ഡ്രഗ്‌സ് സ്ട്രാറ്റജി എന്നിവയുടെ ചുമതലയാണ് ഈ മന്ത്രിക്കുള്ളത്. ലക്ഷണത്തെ തുടര്‍ന്ന് മന്ത്രി സെല്‍ഫ് ക്വാറന്റൈനില്‍ പോയെന്നും വകുപ്പ് അറിയിച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതുള്‍പ്പെടെയുള്ള പൊതുജനാരോഗ്യ ഉപദേശങ്ങള്‍ മന്ത്രി ഫെയ്ഗാന്‍ പിന്തുടരുന്നുണ്ട്.

അതേസമയം, പരിസ്ഥിതി മന്ത്രി ഇമോണ്‍ റയാൻറെ കോവിഡ് പരിശോധന സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ ടിഡിമാര്‍ രംഗത്തുവന്നു. രണ്ടാമതും പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

വൈറസ് പോസിറ്റീവായതിനെ തുടര്‍ന്ന് കോപ്പ്26 കാലാവസ്ഥാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഗ്ലാസ്‌ഗോയിലേക്കുള്ള യാത്ര റദ്ദാക്കിയതായി ശനിയാഴ്ച വൈകുന്നേരമാണ് മന്ത്രി റയാന്‍ അറിയിച്ചത്. എന്നാല്‍ പിന്നീട് നടത്തിയ രണ്ടാമത്തെ ടെസ്റ്റില്‍ ഫലം നെഗറ്റീവാകുകയായിരുന്നു. അതേ തുടര്‍ന്ന് കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പോവുകയും ചെയ്തു. ഗ്രീന്‍ പാര്‍ട്ടി നേതാവിന് ഒരു വിധത്തിലുള്ള രോഗലക്ഷണങ്ങളുമുണ്ടായിരുന്നില്ല.