ന്യൂഡല്‍ഹി: ഇറ്റലി, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളോടൊപ്പം ജി-20ട്രോയ്ക്കയില്‍ അംഗമായി ഇന്ത്യ. അടുത്തവര്‍ഷം ജി20 അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിൻറെ ആദ്യപടിയായാണ് ട്രോയ്ക്കയില്‍ ഇന്ത്യ അംഗമായത്. ജി20 യുടെ നിലവിലെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന രാജ്യവും, മുന്‍ അദ്ധ്യക്ഷസ്ഥാനം വഹിച്ച രാജ്യവും, ഇനി വരാനിരിക്കുന്ന വര്‍ഷത്തെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന രാജ്യവുമാണ് ട്രോയ്ക്കയില്‍ അംഗമാവാറുള്ളത്. ട്രോയ്ക്ക അംഗം എന്ന നിലയില്‍ ഇരുരാജ്യങ്ങളുമായും ചേര്‍ന്നുകൊണ്ട് ജി20 അജണ്ടകളുടെ സ്ഥിരതയ്ക്കും, തുടര്‍ച്ചയ്ക്കുമായി രാജ്യം പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ഇറ്റലിയില്‍ നിന്നും കഴിഞ്ഞ ദിവസമായിരുന്നു ഇന്തോനേഷ്യ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. നിലവിലെ അദ്ധ്യക്ഷരായ ഇന്തോനേഷ്യയില്‍ നിന്നും 2022 ഡിസംബര്‍ 1ന് ഇന്ത്യ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കും. തുടര്‍ന്ന് 2023 ലെ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയായിരിക്കും. ഇത് ആദ്യമായാണ് ഇന്ത്യയില്‍ ജി20 സമ്മേളനം നടക്കുന്നത്.
നിലവിലെ അദ്ധ്യക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ വച്ച് 2022 ഒക്ടോബര്‍ 30-31 തീയ്യതികളിലാണ് അടുത്ത ജി20 സമ്മേളനം നടക്കുക. ഇതിനുമുന്നോടിയായി അന്താരാഷ്ട്ര തലത്തില്‍ വിവിധ ചര്‍ച്ചകള്‍ ഇന്തോനേഷ്യയുടെ നേതൃത്വത്തില്‍ നടക്കും. ഇറ്റലിയില്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ജി20 സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുകയും, അഫ്ഗാന്‍ വിഷയത്തിലടക്കമുള്ള ആശങ്കകള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.