തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു

Breaking News Kerala Movies Obituary Special Feature

പ്രശസ്ത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍പോള്‍ (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.

കഴിഞ്ഞ ദിവസം ശ്വാസ തടസ്സവും രക്തത്തില്‍ ഓക്‌സിജൻറെ അളവ് കുറഞ്ഞതും ജോണ്‍ പോളിനെ കൂടുതല്‍ അവശനാക്കിയിരുന്നു. നില ഗുരുതരമായതോടെ പരിചരണത്തിന് പ്രത്യേക മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിരുന്നു.

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തുവെയ്ക്കാനാവുന്ന നിരവധി സിനിമകള്‍ക്ക് വേണ്ടി തിരക്കഥയെഴുതിയ ജോണ് പോള്‍ കാനറ ബാങ്കില്‍ ജീവനക്കാരനായിരുന്നു , പിന്നീട് ജോലി രാജിവച്ചാണ് മലയാള സിനിമയില്‍ മുഴുവന്‍ സമയതിരക്കഥാകൃത്തായി മാറിയത്.

ടെലിവിഷന്‍ അവതാരകന്‍. മാധ്യമ പ്രവര്‍ത്തകന്‍. ചലച്ചിത്ര അധ്യാപകന്‍. സാംസ്‌കാരിക പ്രവര്‍ത്തകന്‍. ചലച്ചിത്ര നിര്‍മാതാവ്. തുടങ്ങിയ മേഖലകളില്‍ തൻറെതായ ഇടംകണ്ടെത്തിയ എഴുത്തുകാരനെത്തേടി ഒട്ടേറെ പുരസ്‌ക്കാരങ്ങളും എത്തിയിട്ടുണ്ട്.

നൂറോളം ചിത്രങ്ങള്‍ക്ക് ജോണ്‍ പോള്‍ തിരക്കഥയൊരുക്കിയിട്ടുണ്ട്. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓര്‍മയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലില്‍ ഇത്തിരിനേരം, ഈറന്‍ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിൻറെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങളുടെ തിരക്കഥകള്‍ രചിച്ചത് ജോണ്‍പോളാണ്. കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിൻറെ തിരക്കഥയാണ് അദ്ദേഹം ഒടുവില്‍ എഴുതിയത്.