തമിഴ് ചിത്രം ‘ജയ് ഭീമിന്’ ലോക സിനിമയിലെ പരമോന്നത പുരസ്‌കാരമായ ഓസ്‌കറിൻറെ അംഗീകാരം. ഓസ്‌കര്‍ അക്കാദമി അവാര്‍ഡിൻറെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ സൂര്യ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിലെ ഒരു രംഗമാണ് ചാനലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഓസ്‌കറില്‍ നിന്ന് അഭിമാനകരമായ ബഹുമതി നേടുന്ന ആദ്യത്തെ തമിഴ് ചിത്രമാണ് ‘ജയ് ഭീം’. ഈ അഭിമാന നിമിഷത്തെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്
2021 നവംബര്‍ 2ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. തമിഴ്നാട്ടിലെ ഇരുളര്‍ ജാതിയില്‍ പെട്ട രാജകണ്ണിൻറെ തിരോധാനവുമായി (1993) ബന്ധപ്പെട്ട് നടന്ന നിയമപോരാട്ടമാണ് ജയ് ഭീമിൻറെ പ്രമേയം. മലയാളിയായ ലിജോ മോള്‍ ചിത്രത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.
ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം കഴിഞ്ഞ നവംബറില്‍ 2022 ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിലെ ഇംഗ്ലീഷ് ഇതര ഭാഷാ വിഭാഗത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. രജിഷ വിജയന്‍ ആണ് ചിത്രത്തിലെ മറ്റൊരു നായിക.