യൂറോ കപ്പ് ചാംപ്യന്‍മാരായ ഇറ്റലിയും, കോപ്പ അമേരിക്ക ചാംപ്യന്‍മാരായ അര്‍ജന്റീനയും കപ്പ് ഓഫ് ചാംപ്യന്‍സിനായി ഇന്ന് പരസ്പരം ഏറ്റുമുട്ടും. ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.15 നാണ് മത്സരം.
ഇംഗ്ലണ്ടിനെ യൂറോ കപ്പ് ഫൈനലില്‍ തറപറ്റിച്ച അതേ വെംബ്ലി സ്റ്റേഡിയത്തില്‍ വച്ചുതന്നെ തുടര്‍ച്ചയായ മറ്റൊരു രാജ്യാന്തര കിരീടം കൂടെ സ്വന്തമാക്കാനാണ് ഇറ്റലിയുടെ വരവ്. ഖത്തര്‍ ലോകകപ്പിന് യോഗ്യത നഷ്ടമായതിൻറെ ക്ഷീണം മാറ്റാനും ഇറ്റലിക്ക് ഇന്നത്തെ വിജയം അനിവാര്യമാണ്. നായകനായ ജോര്‍ജ്ജിനോ ചെല്ലിനി ഇറ്റലിക്കായി തൻറെ അവസാന അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ടീമിനായി കപ്പുയര്‍ത്തിക്കൊണ്ട് പടിയിറങ്ങുക എന്ന ലക്ഷ്യത്തോടയാണ് ചെല്ലീനി ഇന്ന് കളത്തിലിറങ്ങുക.
ശക്തരായ ബ്രസീലിനെ 1-0 ന് പരാജയപ്പെടുത്തി കോപ്പ കിരീടം ഉയര്‍ത്തിക്കൊണ്ടാണ് അര്‍ജന്റീനയുടെ വരവ്. തുടര്‍ച്ചയായ 31 മത്സരങ്ങളില്‍ പരാജയമറിഞ്ഞിട്ടില്ല എന്നതും സ്‌കലോണിയുടെ സംഘത്തിന് മത്സരത്തില്‍ മുന്‍തുക്കം നല്‍കുന്നു. സൂപ്പര്‍ താരം മെസിയും, കോപ്പ ഫൈനലിലെ താരമായ ഡി മരിയയും അര്‍ജന്റീനയ്ക്കായി ഇന്ന് ബുട്ടണിയും എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കപ്പിനായുള്ള 28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു അര്‍ജന്റീന കഴിഞ്ഞ കോപ്പയില്‍ ചാംപ്യന്‍മാരായത്. ഇറ്റലിയെ പരാജയപ്പെടുത്തി മറ്റൊരു രാജ്യന്തര കിരീടം കുടെ തലയില്‍ ചൂടാനായാണ് മെസിയും സംഘവും ഇന്ന് കളത്തിലിറങ്ങുക.
ഫൈനലിസിമയിലെ നിയമപ്രകാരം മത്സരത്തിന് അധിക സമയം അനുവദിച്ചിട്ടില്ല. നിശ്ചിത 90 മിനിറ്റ് സമയത്തിനും, ഇഞ്ചുറി ടൈമിനും ശേഷം ഇരുടീമുകളും സമനില തുടരുകയാണെങ്കില്‍ മത്സരം നേരിട്ട് പെനാല്‍ട്ടി ഷൂട്ടൌട്ടിലേക്ക് നീങ്ങും.