ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ രണ്ടു പ്രതികള്‍ക്ക് ഇടക്കാല മുന്‍കൂര്‍ ജാമ്യം

Kerala

ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞനായ നമ്ബി നാരായണനെ കുടുക്കാന്‍ ഗൂഡാലോചന നടത്തിയന്ന കേസില്‍ രണ്ടു പ്രതികള്‍ക്ക് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.പോലിസ് ഉദ്യോഗസ്ഥരായിരുന്ന എസ് വിജയന്‍, തമ്ബി എസ്. ദുര്‍ഗ്ഗാദത്ത് എന്നിവര്‍ക്കാണ് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി.

കേസ് അന്വേഷണവുമായി സഹകരിക്കാമെന്ന് പ്രതികള്‍ ജാമ്യഹരജിയില്‍ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ ആരോപിക്കപ്പെടുന്ന സംഭവം 1994ലാണ് നടന്നതെന്നും തങ്ങളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും ഹരജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പോലിസ്് ഉദ്യോഗസ്ഥര്‍ എന്ന നിലയ്ക്ക് മാത്രമാണ് പ്രവര്‍ത്തിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആരോപണം ഉയര്‍ന്നത് സംശയാസ്പദമെന്നും പ്രതികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേസില്‍ സിബിഐ കേസന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രതികളുടെ വാദത്തെ സിബി ഐ കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു.കേസില്‍ രാജ്യാന്തര ഗൂഢാലോചനയടക്കം ഇപ്പോള്‍ അന്വേഷണ പരിധിയിലുണ്ട്. അക്കാര്യങ്ങളടക്കം അന്വേഷിക്കേണ്ടതുണ്ട്. അതുകൊണ്ട് പ്രതികള്‍ക്ക് ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നാണ് സിബിഐ കോടതിയില്‍ ബോധിപ്പിച്ചിരുന്നത്.ചാരക്കേസ് അന്വേഷിച്ച കേരള പോലിസിലെയും ഐബിയിലെയും 18 ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികള്‍. ഹരജിക്കാര്‍ എല്ലാവരും സര്‍വീസില്‍ നിന്നു വിരമിച്ചു വിശ്രമ ജീവിതം നയിക്കുന്നവരാണ്.