റഷ്യന്‍ ഗ്യാസ് ആശ്രയത്വം കുറയ്ക്കാന്‍ യൂറോപ്പിനെ സഹായിക്കാന്‍ ഇസ്രായേല്‍

Business Europe Headlines Israel

ജെറുസലേം : റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി നിര്‍ത്താനൊരുങ്ങുന്ന യൂറോപ്പിനെ സഹായിക്കാന്‍ ഇസ്രായേല്‍ തയ്യാറാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. റഷ്യന്‍ ഇന്ധനം ഇറക്കുമതി കുറക്കാന്‍ യൂറോപ്പ്യന്‍ യൂണിയനും അംഗ രാജ്യങ്ങളോട് ആവശ്യപ്പെട്ട സാഹചര്യത്തില്‍ പ്രകൃതിവാതകം ഉല്‍പ്പാദിപ്പിച്ച് യൂറോപ്പിനെ സഹായിക്കാന്‍ ഇസ്രായേലിന് കഴിയുമെന്ന് നഫ്താലി ബെന്നറ്റ് വ്യക്തമാക്കി .

ജറുസലേമില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുമായി സംയുക്ത പ്രസ്താവന നടത്തിയപ്പോഴാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കൂടിക്കാഴ്ചയ്ക്ക് ശേഷം ഉക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് മധ്യസ്ഥത വഹിക്കാനുള്ള ഇസ്രയേലിൻറെ ശ്രമങ്ങളെ മരിയോ ഡ്രാഗി പ്രശംസിച്ചു.

ഉക്രൈനില്‍ വെടിനിര്‍ത്തലിനും സമാധാന ചര്‍ച്ചകള്‍ക്കുമായി പ്രവര്‍ത്തിക്കുന്നത് തുടരും,
കൂടാതെ യൂറോപ്പിൻറെ ഭാഗമാകാനുള്ള ഉക്രയിൻറെ ആവശ്യത്തെ ഇറ്റലി പിന്തുണയ്ക്കുമെന്നും ഡ്രാഗി ആവര്‍ത്തിച്ചു.

ഉക്രേനിയന്‍ തുറമുഖങ്ങള്‍ റഷ്യ ഉപരോധിക്കുന്നതിൻറെ അപകടസാധ്യതകളെക്കുറിച്ചും ബെന്നറ്റുമായി ചര്‍ച്ച ചെയ്തതായി ഡ്രാഗി പറഞ്ഞു. ധാന്യ കയറ്റുമതിക്ക് തടസ്സമാവുന്ന രീതിയില്‍ റഷ്യ പ്രവര്‍ത്തിച്ചാല്‍ ലോകത്ത് കടുത്ത ഭക്ഷ്യപ്രതിസന്ധി ഉണ്ടാകുമെന്നും ഡ്രാഗി മുന്നറിയിപ്പ് നല്‍കി.

ഇസ്രായേലിനെ ഇറ്റലിയുടെ ”സുഹൃത്ത്” എന്നും ”പ്രധാന പങ്കാളി” എന്നും ഡ്രാഗി വിശേഷിപ്പിച്ചു. ഇസ്രായേലുമായി സഹകരണം ശക്തിപ്പെടുത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും ജറുസലേമില്‍ സംസാരിക്കവെ ഡ്രാഗി സൂചിപ്പിച്ചു