പനാജി : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമിഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. സെമി ഫൈനല്‍ ആദ്യപാദ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ഇന്ന് ലീഗിലെ ഒന്നാം സ്ഥാനക്കാരായ ജംഷഡ്‌പൂർ എഫ്.സിയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം.
ഇരുപത് കളികളില്‍ നിന്നും 43 പോയിന്റുകള്‍ നേടി ലീഗ് ടൈറ്റില്‍ സ്വന്തമാക്കിയതിൻറെ ആവേശത്തിലാണ് ജംഷഡ്‌പൂർ . ഈ ആത്മവിശ്വാസം തകര്‍ത്ത് ആദ്യപാദത്തില്‍ തന്നെ മുന്‍തൂക്കം നേടാനാണ് ബ്ലാസ്റ്റേഴ്‌സിൻറെ ശ്രമം. പ്രതിരോധത്തിലും മധ്യനിരയിലും മുന്നേറ്റ നിരയിലും എന്തിനും പോന്ന താരങ്ങളുള്ള ബ്ലാസ്റ്റേഴ്‌സ് കരുത്തരായ ജംഷഡ്‌പൂരിന് വലിയ ഭീഷണി സൃഷ്ടിക്കുമെന്നും ഉറപ്പാണ്.
വാസ്‌കസും-ഡയസും നയിക്കുന്ന മുന്നേറ്റ നിരയില്‍ തന്നെയാണ് കേരളത്തിൻറെ ഏറ്റവും വലിയ പ്രതീക്ഷ. മുന്നേറ്റത്തില്‍ സഹലിൻറെ പ്രകടനത്തെയും ഏറെ പ്രതീക്ഷയോടെയാണ് കോച്ചും ആരാധകരും നോക്കിക്കാണുന്നത്. അഡ്രിയാന്‍ ലൂണ എന്ന മാന്ത്രിക പ്ലേ മേക്കറുടെ പ്രകടനവും മത്സരത്തില്‍ നിര്‍ണ്ണായകമാവും. ലെസ്‌കോവിച്ചും, ഹോര്‍മിപാമും, ഖബ്രയുമടങ്ങുന്ന പ്രതിരോധനിര ജംഷഡ്‌പൂർ മുന്നേറ്റത്തിന് തടയിടുകയും ചെയ്താല്‍ കാര്യങ്ങള്‍ ബ്ലാസ്റ്റേഴ്‌സിൻറെ വഴിക്ക് വരും.
ജംഷഡ്‌പൂരിൻറെ മലയാളി ഗോള്‍കീപ്പര്‍ ടി.പി രഹനേഷും, ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ഗില്ലും തമ്മിലുള്ള ഗോള്‍ഡന്‍-ഗ്ലൗ പോരാട്ടത്തിനും ഇന്നത്തെ മത്സരം സാക്ഷിയാവും. തുടര്‍ച്ചായായി ഗോള്‍ഡന്‍ ഗ്ലൗവിനായുള്ള പോരാട്ടത്തില്‍ മുന്നില്‍ നിന്നിരുന്ന ഗില്ലിനെ എടികെ യ്ക്ക് എതിരായ മത്സരത്തോടെ രഹനേഷ് മറികടന്നിരുന്നു.
നാളെയാണ് സെമിഫൈനലിലെ എടികെ-ഹൈദരബാദ് ആദ്യ പാദ മത്സരങ്ങള്‍ നടക്കുന്നത്. കേരളത്തിൻറെ ജംഷഡ്‌പൂരുമായുള്ള രണ്ടാം പാദമത്സരം അടുത്ത ചൊവ്വാഴ്ചയാണ്.