സ്ലൈഗോ : ഇന്ത്യയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ കലാപത്തില്‍ ജീവന്‍ വെടിഞ്ഞ ഐറിഷ് സ്വാതന്ത്ര്യ പോരാളികളുടെ സ്മാരകം ജന്മനാടായ ട്യൂബര്‍കെറിയില്‍ ഉയരുന്നു . 101 വര്‍ഷം മുമ്പ് ഇന്ത്യയില്‍ പൊരുതി വീണ കൊണാട്ട് റേഞ്ചേഴ്‌സ് റെജിമെന്റിലെ അംഗങ്ങളുടെ ബലികുടീരമാണ് പ്രസിഡന്റ് മീഹോള്‍ ഡി ഹിഗ്ഗിന്‍സ് സ്ലൈഗോ കൗണ്ടിയില്‍ നാടിന് വേണ്ടി സമര്‍പ്പിച്ചത്.
വെസ്റ്റ്മീത്തില്‍ നിന്നുള്ള പ്രൈവറ്റ് ജെയിംസ് ഡാലി ഫയറിംഗ് സ്‌ക്വാഡിൻറെ വെടിയേറ്റു വീണത് 1920 നവംബര്‍ 2 -നായിരുന്നു, കലാപത്തില്‍ മരിച്ച അവസാന ബ്രിട്ടീഷ് സൈനികനായിരുന്നു 20-കാരനായ ഇദ്ദേഹം. കലാപത്തില്‍ സ്ലൈഗോയില്‍ നിന്നുള്ള നാലു പേരാണുണ്ടായിരുന്നത്.
അയര്‍ലണ്ടിലെ ക്രൗണ്‍ഫോഴ്‌സിൻറെ നടപടികള്‍ക്കെതിരെ 1920 ജൂണ്‍, ജൂലൈ മാസങ്ങളിലാണ് കലാപം നടന്നത്. ഇതേ തുടര്‍ന്ന് 61 പേരാണ് ഇന്ത്യന്‍ ബ്രിട്ടീഷ് ജയിലുകളില്‍ തടവിലാക്കപ്പെട്ടത്. വുള്‍ഫ് ടോണ്‍ സ്‌ക്വയറിലെ കറുത്ത മാര്‍ബിള്‍ സ്മാരകത്തില്‍ അവരുടെ പേരുകള്‍ കൊത്തിവച്ചിട്ടുണ്ട്.
ജീവിതത്തിലെ ഏറ്റവും അത്ഭുതകരവും അവിസ്മരണീയവുമായ അവസരമാണിതെന്ന് പ്രസിഡന്റ് ഹിഗ്ഗിന്‍സ് പറഞ്ഞു. കോവിഡ് പാന്‍ഡെമിക്കിന് ശേഷം പ്രസിഡന്റ് ഹിഗ്ഗിന്‍സ് പങ്കെടുക്കുന്ന ആദ്യ കമ്മ്യൂണിറ്റി അനുസ്മരണമാണിത്.