അയര്‍ലണ്ടിനെതിരെ അതിഗുരുതരമായ ആരോപണങ്ങളുമായി റഷ്യന്‍ അംബാസഡര്‍

Europe Headlines Ukraine

ഡബ്ലിന്‍ : റഷ്യന്‍ എംബസി ജീവനക്കാരെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും അയര്‍ലണ്ടിലെ റഷ്യന്‍ അംബാസഡര്‍ യൂറി ഫിലാറ്റോവിൻറെ ആരോപണം. റഷ്യന്‍ ടെലിവിഷനില്‍ നല്‍കിയ അഭിമുഖത്തിലാണ് ഗൗരവതരമായ ഈ ആരോപണം ഇദ്ദേഹം ഉന്നയിച്ചത്. ഡബ്ലിന്‍ എംബസിക്ക് പുറത്തു നിന്നുള്ള പ്രതിഷേധം അക്രമാസക്തമാണെന്നും ജീവനക്കാര്‍ വിവരം ഗാര്‍ഡയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഫിലറ്റോവ് പറഞ്ഞു. റഷ്യന്‍ വിരുദ്ധ നടപടികളില്‍ അയര്‍ലണ്ട് യൂറോപ്യന്‍ യൂണിയനേക്കാള്‍ മുന്നിലാണ്. ഇതൊക്കെയാണെങ്കിലും റഷ്യയും അയര്‍ലണ്ടും തമ്മില്‍ ആശയവിനിമയത്തിനുള്ള ഒരു പാത നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാശ്ചാത്യരുടെ ധാരണ മാറുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ഫിലാറ്റോവ് പറഞ്ഞു. എന്നാല്‍ അംബാസഡര്‍ നുണപ്രചാരണം നടത്തുകയാണെന്ന് അയര്‍ലണ്ട് പ്രതികരിച്ചു.

കുറച്ച് ദിവസങ്ങളായി എംബസിയില്‍ പ്രതിഷേധങ്ങളുടെ പ്രവാഹമാണ്. ഇവ പലപ്പോഴും അക്രമാസക്തമാണ്. കനത്ത സുരക്ഷാ ക്രമീകരണങ്ങളിലൂടെയാണ് ഇവിടെ കഴിയുന്നത്. ഇത് ജീവനക്കാരെ വൈകാരികമായി ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും എംബസി പ്രവര്‍ത്തനം തടസ്സപ്പെട്ടില്ല.

എംബസി ജീവനക്കാര്‍ക്കും നയതന്ത്രജ്ഞര്‍ക്കും സംരക്ഷണം നല്‍കണമെന്ന് ഫിലറ്റോവ് ആവശ്യപ്പെട്ടു. വേണമെങ്കില്‍ ഇവിടുത്തെ സ്ഥിതിവിശേഷം വിദേശകാര്യ മന്ത്രാലയത്തിലേക്കുള്ള കോണ്‍സുലാര്‍ ലൈനില്‍ അറിയിക്കാം. എന്നാല്‍ ഇവിടുത്തെ ജീവനക്കാര്‍ അതു ചെയ്തില്ല, പകരം പോലീസില്‍ അറിയിക്കുക മാത്രമാണ് ചെയ്തത്. ഗാര്‍ഡ നടപടി സ്വീകരിച്ചെന്നും അംബാസഡര്‍ പറഞ്ഞു.

സംഘര്‍ഷം ചിത്രീകരിക്കുന്നതില്‍ ഐറിഷ് മാധ്യമങ്ങള്‍ പക്ഷപാതിത്വം കാണിക്കുന്നതായി ഫിലറ്റോവ് വിമര്‍ശിച്ചു. ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം എംബസിക്ക് പുറത്ത് നിരവധി പ്രതിഷേധങ്ങളാണ് നടക്കുന്നത്. അവര്‍ റഷ്യന്‍ വിരുദ്ധ നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഫിലറ്റോവ് ആരോപിച്ചു.